| Monday, 12th January 2026, 2:13 pm

കാലം കാത്ത് വച്ച നീതി; രാഹുലിന്റെ അറസ്റ്റ് വാർത്ത അച്ചടിച്ച പത്രത്തിൽ പൊതിച്ചോറ് പൊതിഞ്ഞ് ഡി.വൈ.എഫ്.ഐ

ശ്രീലക്ഷ്മി എ.വി.

പത്തനംതിട്ട: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വാർത്ത അച്ചടിച്ച പത്രത്തിൽ പൊതിച്ചോറ് പൊതിഞ്ഞ് ഡി.വൈ.എഫ്.ഐ.

ഈ വാർത്ത പേജിലാണ് ഇന്ന് ഡി.വൈ.എഫ്.ഐ ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്തത്. പൊതിച്ചോറിന്റെ മറവിൽ ഡി.വൈ.എഫ്.ഐ അനാശാസ്യ പ്രവർത്തനം നടത്തുന്നുവെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു.

മെഡിക്കൽ കോളേജുകളിൽ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ഗുരുതരമായ ആരോപണമായിരുന്നു രാഹുൽ നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച രാഹുലിനെതിരെ ഡി.വൈ.എഫ്.ഐ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസുകാർ നീക്കം ചെയ്‌തു.

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് നൽകുന്നതിനെതിരെ സംസാരിച്ച ആളാണ് രാഹുലെന്നും ഇന്ന് അതേ പൊതിച്ചോറ് കൊടുത്ത് തങ്ങൾ ജയിലിലേക്ക് വിടുമെന്നും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധക്കാർ പറഞ്ഞിരുന്നു.

രാഹുൽ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതീകാത്മകമായി പൊതിച്ചോറുകൾ കൈയ്യിലേന്തിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയത്.

മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വാർത്ത അച്ചടിച്ച പത്രത്തിൽ പൊതിഞ്ഞ പൊതിച്ചോറുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

കാലം കാത്ത് വച്ച നീതിയാണിതെന്നും പൊതിച്ചോറിന്റെ മറവിൽ ഡി.വൈ.എഫ്.ഐ അനാശാസ്യ പ്രവർത്തനം നടത്തുന്നു എന്ന് ആരോപിച്ച ആൾ ജയിലിൽ കിടക്കുകയാണെന്നുമുള്ള ചില പോസ്റ്റുകൾ കാണാം.

‘ആറ് വർഷത്തിൽ കൂടുതലായി കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ദിവസേന ആയിരക്കണക്കിന് വരുന്ന ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യരുടെ ഒരുനേരത്തെ വിശപ്പ് അകറ്റുന്ന ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പദ്ധതിയെ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയ കാലയളവിൽ രാഹുൽ പൊതിച്ചോറിന്റെ മറവിൽ അനാശാസ്യമാണ് നടക്കുന്നത് എന്ന് പറഞ്ഞു.

ഇന്ന് ഇതാ നോക്കു ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുലിന്റെ വാർത്ത വന്ന പത്രത്തിൽ ഡി.വൈ.എഫ്.ഐ പൊതിച്ചോർ വിതരണം ചെയ്യുന്നു. സകലതും ഓർത്ത് വെക്കപ്പെടും,’ എന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നുണ്ട്.

Content Highlight: Justice that has been awaited for a long time; DYFI wraps up the news of Rahul’s arrest in a printed newspaper

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more