കൊച്ചി: നിയമപരമായ പ്രഖ്യാപനങ്ങളെക്കാൾ ഉപരി, കാരുണ്യം, നീതി, ഭരണഘടനാപരമായ ഉൾക്കാഴ്ച എന്നി നിറഞ്ഞ ധാർമിക ദിശാസൂചകങ്ങളായിരുന്നു ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ വിധിന്യായങ്ങളെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർത്ഥം നടത്തുന്ന 11-ാമത് ലോ ലെക്ച്ചർ പരിപാടിയിൽ ‘മൗലികാവകാശങ്ങളും സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങളും സന്തുലിതമാക്കുന്നതിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യമാണ് നിയമമെന്നും ജയിൽ എക്സെപ്‌ഷൻ മാത്രമാണെന്നുമുള്ള കൃഷ്ണയ്യരുടെ തത്വം സമീപകാലത്ത് എല്ലാവരും ഏറെക്കുറെ മറന്നുപോയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എങ്കിലും കഴിഞ്ഞ വർഷം മനീഷ് സിസോദിയ, കവിത vs എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേസുകളിൽ കൃഷ്ണയ്യരുടെ തത്വം പിന്തുടരാൻ തനിക്ക് കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വിചാരണത്തടവുകാരെ ദീർഘകാലം ജയിലിൽ അടക്കുന്നത് അവകാശ ലംഘനമാണെന്ന് ജസ്റ്റിസ് അയ്യർ വിശ്വസിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
‘ജസ്റ്റിസ് അയ്യർ നിയമശാസ്ത്രത്തിലെ കവിയും പൊതുജീവിതത്തിലെ ദീർഘവീക്ഷണമുള്ളവനുമായിരുന്നു. ജാമ്യമാണ് നിയമമെന്നും ജയിൽ എക്സ്പ്‌ഷൻ മാത്രമാണെന്നുമുള്ള തത്വത്തിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ച വ്യക്തിയാണ് ജസ്റ്റിസ് അയ്യർ. സമീപകാലത്ത് ഈ തത്വം മറന്നുപോയിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ കഴിഞ്ഞ വർഷം പ്രേം പ്രകാശ് , മനീഷ് സിസോദിയ, കവിത എന്നിവർക്കെതിരായ ഇ.ഡി കേസുകളിൽ ഈ നിയമ തത്വം ആവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു,’ ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ജസ്റ്റിസ് കൃഷ്ണയ്യരെ ബെഞ്ചിലെ തത്ത്വചിന്തകൻ, നിയമശാസ്ത്രത്തിലെ കവി, പൊതുജീവിതത്തിലെ ദീർഘവീക്ഷണം ഉള്ള വ്യക്തിയെന്നും വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് ഗവായ് അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ അനുകമ്പ, നീതി, ഭരണഘടനാപരമായ ആഴത്തിലുള്ള ഉൾക്കാഴ്ച എന്നിവയാൽ നിറഞ്ഞ ധാർമിക ദിശാസൂചകങ്ങൾ ആയിരുന്നുവെന്ന് പറഞ്ഞു. ജസ്റ്റിസ് അയ്യർ ഭരണഘടനയെ സാമൂഹിക പരിവർത്തനത്തിനുള്ള ഒരു ചലനാത്മക ഉപകരണമായി കാണുകയും ജീവിതത്തിലുടനീളം ഒരു മനുഷ്യാവകാശ ചാമ്പ്യനായി തുടരുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വധശിക്ഷ ക്രൂരവും അപരിഷ്‌കൃതവുമാണെന്ന് ജസ്റ്റിസ് അയ്യർ വീക്ഷിച്ചുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു . ജഗ്‌മോഹൻ സിങ് vs യു.പി കേസിൽ വധശിക്ഷ ശരിവച്ച കോടതിയുടെ മുൻ വിധി ഉണ്ടായിരുന്നിട്ടും, കോടതിക്ക് പുറത്ത് പോലും അദ്ദേഹം വധശിക്ഷ നിർത്തലാക്കുന്നതിനായി വാദിക്കുന്നത് തുടർന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) എന്നിവ പോലുള്ള കർശനമായ നിയമങ്ങൾക്ക് കീഴിലുള്ള കേസുകളിൽ കൃഷ്ണയ്യരുടെ തത്വം എല്ലാവരും മറന്നുവെന്നോ എന്ന ആശങ്ക സുപ്രീം കോടതി തന്നെ അടുത്തിടെ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.
Content Highlight: Justice Krishna Iyer’s rulings were moral compasses: CJI Gavai