| Tuesday, 2nd September 2025, 12:40 pm

കോപ്പിയടി പിടിച്ചതിന്റെ പകയില്‍ അധ്യാപകന് എതിരെ വ്യാജപീഡന പരാതി; 11വര്‍ഷത്തിന് ശേഷം ആനന്ദ് വിശ്വനാഥന് നീതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: വ്യാജലൈംഗിക പീഡനപരാതിയില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം തൊടുപുഴയിലെ അധ്യാപകന് നീതി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പീഡനപരാതിയില്‍ അധ്യാപകനായ ആനന്ദ് വിശ്വനാഥനെയാണ് 11 വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കിയത്. മൂന്നാര്‍ ഗവ.കോളേജിലെ അധ്യാപകനായിരുന്നു ആനന്ദ് വിശ്വനാഥന്‍.

ഇയാള്‍ക്കെതിരെ 2014ലാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഈ പരാതി വ്യാജമാണെന്നും പകവീട്ടാനായി കെട്ടിച്ചമച്ചതാണെന്നും കോടതി 11 വര്‍ഷത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്നു ആനന്ദ് വിശ്വനാഥന്‍.

കോളേജില്‍ നടന്ന പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് വിദ്യാര്‍ത്ഥികളെ അധ്യാപകന് എതിരെ പരാതി നല്‍കുന്നതിന് പ്രേരിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫാണ് കേസ് പരിഗണിച്ചത്.

2014 ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ നടന്ന എം.എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരീക്ഷാഹാളില്‍ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ത്ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായിരുന്ന പ്രൊഫ.ആനന്ദ് പിടികൂടുകയായിരുന്നു. സംഭവം സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്‍വിജിലേറ്ററായിരുന്ന അധ്യാപകന്‍ ഇക്കാര്യം വിസമ്മതിച്ചിരുന്നു.

മൂന്നാര്‍ ഗവ.കോളേജ്

പിന്നീട്, പിടിക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥിനികള്‍ വിദ്യാഭ്യാസ മന്ത്രിക്കും വനിതാകമ്മീഷനും പരാതി നല്‍കി. പ്രൊഫസര്‍ പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി.

4 പെണ്‍കുട്ടികളുടെ പരാതിയില്‍ മൂന്നാര്‍ പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.2 കേസുകളില്‍ ആനന്ദിനെ വെറുതെവിട്ടെങ്കിലും മറ്റുരണ്ട് കേസുകളില്‍ 3 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

‘2014 സെപ്റ്റംബര്‍ അഞ്ചിന് പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാന്‍ ഹാളിനകത്ത് കയറിയത്. അപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ചപ്പോള്‍ തന്നെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. പതിനാറാം തീയതിയാണ് പിന്നീട് ഞാനറിയുന്നത്, എനിക്കെതിരായി ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന്.’- ആനന്ദ് വിശ്വനാഥന്‍ പ്രതികരിച്ചു.

അതേസമയം, ഈ പരാതിക്ക് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും ഇതവരുടെ നാടകമാണെന്നും അധ്യാപകന്‍ ആരോപിച്ചു. എസ്.എഫ്.ഐ കെട്ടിച്ചമച്ച നാടകമാണിതെന്ന് ആരോപിച്ച ആനന്ദ് വിശ്വനാഥന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിച്ചത് സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ വെച്ചാണെന്നും പറഞ്ഞു.

‘എല്ലാതലത്തിലും എന്നെ അവര്‍ പോയിന്റ് ഔട്ട് ചെയ്ത് എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കേസാണിത്.’ – അധ്യാപകന്‍ ആരോപിച്ചു.

Content Highlight: Justice for prof. Anand Viswanathan after 11 years

We use cookies to give you the best possible experience. Learn more