ഗവാഹത്തി: അസമില്‍ മുസ്ലിം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ബുള്‍ഡോസര്‍ രാജിനെ ദീപാവലി ആഘോഷത്തിന് മുമ്പുള്ള വീടു വൃത്തിയാക്കലുമായി ഉപമിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. അസമിലെ ലഖിംപൂരില്‍ ഒരു വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.
‘ ദീപാവലിക്ക് തൊട്ടുമുമ്പ് ഞങ്ങള്‍ ലഖിംപൂരില്‍ ഈ ഘര്‍ കി സഫായി നടത്തി,’ എന്ന കാപ്ഷനും ഈ വീഡിയോക്കൊപ്പം ശര്‍മ എക്സില്‍ കുറിച്ചു. ദീപാവലിക്ക് മുമ്പ് വീട് വൃത്തിയാക്കുന്ന ചടങ്ങാണ് ഘര്‍ കി സഫായി. ദീപാവലി ദിനമായ ഇന്നലെയാണ് (നവംബര്‍ എട്ട്, ഞായര്‍) ശര്‍മ ഈ വീഡിയോ പങ്കുവെച്ചത്.
ഇതിന് മുമ്പും അസമിലെ കുടിയൊഴിപ്പിക്കലുകളെ പ്രോത്സാഹാപ്പിച്ചുകൊണ്ടുള്ള വിദ്വേഷ പോസ്റ്റുകള്‍ ശര്‍മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇനിയും കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് അടുത്തിടെ എക്സ് പോസ്റ്റില്‍ ശര്‍മ പറഞ്ഞിരുന്നു.
മുസ് ലിം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
‘നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കുന്നത് വരെ ഞാന്‍ വിശ്രമിക്കില്ല,’ എന്ന് ശര്‍മ ബുധനാഴ്ച എക്സ് പോസ്റ്റില്‍ കുറിച്ചു. വീടുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് മറുപടിയായിട്ടായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.
‘നമ്മുടെ ഭൂമി’, ‘ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ തുടങ്ങിയ പ്രയോഗങ്ങള്‍, മുഖ്യമന്ത്രിയായി ചുമതലയേറ്റതുമുതല്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിം സമൂഹത്തെ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന ശര്‍മ്മയുടെ ആക്രമണോത്സുകമായ നിലപാടിനെയും മുന്നറിയിപ്പിനെയും സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
‘അസമിലെ ഭൂമി ഇവിടുത്തെ ജനങ്ങള്‍ക്കുള്ളതാണ്, കൈയേറ്റക്കാര്ക്കുള്ളതല്ല എന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ചിലര്‍ക്ക് എന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. അത്തരക്കാര്‍ക്കായി ഇതാ, ഞങ്ങളുടെ പക്കല്‍ ജെ.സി.ബികള്‍ ഉണ്ട്.’ എന്നും ശര്‍മ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. കൈയേറ്റക്കാരെ നീക്കം ചെയ്യാന്‍ ബുള്‍ഡോസറുകള്‍ ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണെന്നും ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
ഈ മാസം ഒന്നിന് അലംഗഞ്ച് പ്രദേശത്ത് ബുള്‍ഡോസറുകളുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ 550-ഓളം വീടുകള്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും പള്ളികളും മറ്റ് കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.
ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടുംബങ്ങളുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. വീടുകള്‍ തകര്‍ക്കുന്നതിനെതിരെ ഇവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
‘ന്യൂ ഹ്യൂമാനിറ്റേറിയന്‍’ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, 2021 മെയ് മുതല്‍ 2026 വരെയുള്ള കാലയളവില്‍ അസമില്‍ കുറഞ്ഞത് 33 കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നിട്ടുണ്ട്. ഇതിലൂടെ 20,387 കുടുംബങ്ങളും ഒരു ലക്ഷത്തിലധികം ആളുകളും കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: Just before Diwali, we undertook this Ghar ki Safai in Lakhimpur: Himanta on Bulldozer Raj in Assam