ഒരാളുടെ ജീവിതത്തിലെ ട്രോമകളും മോശം അനുഭവങ്ങളും അവരുടെ പെരുമാറ്റത്തെ സ്വാധീനിച്ചേക്കാമെങ്കിലും അതിന്റെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് നടി ഉര്‍വശി. സഫര്‍ സനല്‍ സംവിധാനം ചെയ്ത ‘ആശ’ എന്ന ചിത്രത്തിലെ സങ്കീര്‍ണമായ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
സിനിമ കഴിഞ്ഞാലും കഥാപാത്രങ്ങളെ മനസില്‍ കൊണ്ടുനടക്കാറുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്യാറില്ലെന്നായിരുന്നു ഉര്‍വശിയുടെ മറുപടി. ഓരോ ഷോട്ടിനിടയിലും കഥാപാത്രത്തില്‍നിന്ന് പുറത്തുകടന്ന് താന്‍ തന്നിലേക്ക് തിരിച്ചുവരാറുണ്ടെന്നും താരം പറഞ്ഞു. പ്രത്യേകിച്ച് വൈകാരികമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഇത്തരമൊരു ഇടവേള ആവശ്യമാണെന്നും ഉര്‍വശി വ്യക്തമാക്കി.
‘ഉള്ളൊഴുക്ക്’ എന്ന സിനിമയ്ക്കുശേഷമുള്ള അഭിമുഖങ്ങളും അനുഭവങ്ങളും തന്നെ ഏറെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത സ്ത്രീകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ താന്‍ വൈകാരികമായി അസ്വസ്ഥയാകാറുണ്ട്. അതേസമയം, ഹാപ്പിയായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ സെല്ലുകള്‍ക്ക് പോലും സന്തോഷമുണ്ടാകുമെന്നും താരം പറഞ്ഞു.
അടുത്ത നിമിഷം അവര്‍ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത കഥാപാത്രമാണ് ആശ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമെന്നും ഉര്‍വശി പറഞ്ഞു. ആശയ്ക്കുപോലും സ്വന്തം പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി അറിയില്ല. മറ്റുള്ളവര്‍ നിസ്സാരമായി കാണുന്ന കാര്യങ്ങള്‍ പോലും ആശയെ സംബന്ധിച്ച് വലിയ സംഭവങ്ങളാണെന്നും താരം വിശദീകരിച്ചു.
ക്യൂവില്‍ നില്ക്കുമ്പോള് മറ്റൊരാള്‍ മുന്നിലേക്ക് കയറിയാല്‍ അതിനെച്ചൊല്ലി വഴക്കുണ്ടാക്കുന്ന, ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്ത ചിലരെ നമുക്ക് ചുറ്റും കാണാം. അവരുടെ പെരുമാറ്റം കാരണം കുടുംബാംഗങ്ങളും അടുത്തുനില്ക്കുന്നവരുമാണ് പലപ്പോഴും ബുദ്ധിമുട്ടനുഭവിക്കുന്നത്.
ഇത്തരം ആളുകളോടൊപ്പം ജീവിക്കുന്നവര്‍ക്ക് പുറത്തുപോകാന്‍ പോലും മടി തോന്നുന്ന സാഹചര്യങ്ങളുണ്ടാകാം. അവരുടെ പെരുമാറ്റത്തോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരുന്ന കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ടുകളും ചെറുതല്ല. ആളുകളുടെ പെരുമാറ്റത്തിന് പലതരത്തിലുള്ള വിശദീകരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അതൊന്നും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള ന്യായീകരണമല്ല, ഉര്‍വശി പറഞ്ഞു.
‘അവര്‍ ട്രോമ അനുഭവിച്ചു എന്നുള്ളതുകൊണ്ട് ചുറ്റുമുള്ളവരെയൊക്കെ ട്രോമയില്‍ ആക്കണോ. അവര്‍ക്ക് ഒരു സപ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടായിരിക്കാം. പക്ഷേ അവര്‍ക്ക് സപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കരുതി ചുറ്റുമുള്ളവരെ സപ്പോര്‍ട്ട് ചെയ്യേണ്ട എന്നാണോ,’ ഉര്‍വശി ചോദിച്ചു.
ഒരാള്‍ നേരിട്ട മോശം അനുഭവങ്ങള്‍ അവരുടെ ജീവിതത്തെ മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തെയും ബാധിക്കാം. അതിന്റെ പ്രത്യാഘാതങ്ങള്‍ കുടുംബാംഗങ്ങളിലും അയല്‍വാസികളിലും വരെ ഉണ്ടാകാം. സ്വന്തം പ്രവൃത്തികളുടെ പേരില്‍ മറ്റുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും ഉര്‍വശി പറയുന്നു.
ആശയുടെ പെരുമാറ്റവും തീരുമാനങ്ങളും എത്രത്തോളം മുന്നോട്ടുപോകുമെന്ന് പ്രവചിക്കാനാവില്ലെന്നും ഉര്‍വശി പറഞ്ഞു. സ്വന്തം ചിന്തകളെ നിയന്ത്രിക്കാതെ അവ പ്രവര്‍ത്തിയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നു.
ചെയ്തുപോയ തെറ്റ് തിരിച്ചറിയുമ്പോള്‍ അതിനേക്കാള്‍ ഗുരുതരമായ തീരുമാനങ്ങളിലേക്ക് നീങ്ങുന്നു. സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി തുറന്നുപറയാനോ ചര്‍ച്ച ചെയ്യാനോ കഴിയാത്തതും ഈ കഥാപാത്രത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ്. ആശയെപ്പോലൊരു കഥാപാത്രത്തെ താന്‍ മുമ്പ് അവതരിപ്പിച്ചിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു.
സഫര്‍ സനലിന്റെ സംവിധാനത്തില്‍ ഉര്‍വശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആശ’യില്‍ ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.
കുടുംബബന്ധങ്ങള്‍, വ്യക്തിത്വത്തിലെ സങ്കീര്‍ണതകള്‍, ഒരാളുടെ തീരുമാനങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇവയൊക്കെ ചേര്‍ന്നതാണ് ചിത്രം.
Content Highlight: Just because they have experienced trauma, should they put everyone around them through trauma too? Urvashi