കോഴിക്കോട്: വെബ്‌സൈറ്റുകളുടെ ഡൊമൈന്‍ രജിസ്ട്രാര്‍ ഒന്നായതുകൊണ്ട് മാത്രം ശശി തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് സര്‍വെ നടത്തി കണ്ടെത്തിയ കമ്പനിയും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്ന് പറയനാകില്ലെന്ന് സൈബര്‍ വിദഗ്ധര്‍. സര്‍വെ നടത്തിയ വോട്ട്‌വൈബ് എന്ന കമ്പനിയും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടന്നതിന് തെളിവായി സര്‍വെ നടത്തിയ കമ്പനിയുടെയും ശശി തരൂരിന്റെയും വെബ്‌സൈറ്റുകള്‍ ഒരേ രജിസ്ട്രാര്‍ക്ക് കീഴിലാണെന്നുമുള്ള വാര്‍ത്തകള്‍ ഇന്ന് പുറത്ത് വന്നിരുന്നു.
ഇപ്പോഴത്തെ വാര്‍ത്തകളില്‍ നല്‍കിയിട്ടുള്ള ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഈ കമ്പനിയും ശശി തരൂരം തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാകില്ലെന്നാണ് വെബ്‌ഡെവലപമെന്റ് മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കാരണം, ശശി തരൂരിന്റെയും സര്‍വെ നടത്തിയ കമ്പനിയുടെയും വൈബ്‌സൈറ്റുകളുടെ മാത്രമല്ല കെ.പി.സി.സിയുടെും നരേന്ദ്രമോദിയുടെയുമെല്ലാം വെബ്‌സൈറ്റുകളുടെ രജിസ്ട്രാര്‍ ഒന്ന് തന്നെയാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ശശി തരൂരിന്റെ വൈബ്‌സൈറ്റിന്റെ രജിസ്ട്രാറായ എന്‍ഡ്യൂറന്‍സ് ഡിജിറ്റല്‍ ഡൊമൈന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സര്‍വെ നടത്തിയ കമ്പനിയുടെ രജിസ്ട്രാറും എന്നായിരുന്നു വാര്‍ത്തകള്‍ക്കൊപ്പം മനോരമയുള്‍പ്പടെയുള്ള മാധ്യമങ്ങളും ശശി തരൂരിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെളിവായി നല്‍കിയത്.
എന്നാല്‍ ഈ തെളിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ശശി തരൂരും സര്‍വെ നടത്തിയ വോട്ട് വൈബ് ഡോട്ട് ഇന്‍ എന്ന കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാകില്ല. കാരണം, ഇരുവരുടെയും രജിസ്ട്രാറായ എന്‍ഡ്യൂറന്‍സ് ഡിജിറ്റല്‍ ഡൊമൈന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹോസ്റ്റിങ്ങ് കമ്പനികളിലൊന്നാണ്. മാത്രവുമല്ല Bluehost, Hostinger, Hostgator തുടങ്ങിയ പേരുകളില്‍ നിരവധി സബ്‌സിഡറി സര്‍വീസുകളും അവര്‍ക്കുണ്ട്.
അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ആരെങ്കിലുമൊരു വൈബ്‌സൈറ്റ് തുടങ്ങാനായി ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഗോഡാഡിയെയോ അതല്ലെങ്കില്‍ എന്‍ഡ്യൂറസിന്റെ ഏതെങ്കിലും സര്‍വീസുകളെയോ ആയിരിക്കും ആശ്രയിക്കുക. ശശി തരൂര്‍ മാത്രമല്ല, ഇന്ത്യയില്‍ ഏതൊരാള്‍ക്കുമുള്ള ഓപ്ഷനുകള്‍ ഇതൊക്കെ തന്നെയാണ്. അതിനാല്‍ ഈ ഒരു സാമ്യതയുടെ പേരില്‍ മാത്രം സര്‍വെ നടത്തിയ കമ്പനിയും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാനാകില്ല എന്നാണ് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അല്‍പം കൂടി ലളിതമായി ഇക്കാര്യം മനസ്സിലാക്കാനായി മുഹമ്മദ് ജദീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ ഈ ഉദാഹരണം വായിക്കാം ‘എന്റെ ആധാരവും കൊയിലാണ്ടിയിലെ വേറെ ഏതോ ആളുടെ ആധാരവും ഒരേ രജിസ്ട്രാഫീസിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കും പോലെ’
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് വേണമെന്നതിന് ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയ പേര് ശശി തരൂരിന്റേതാണെന്ന് പറയുന്ന ഒരു സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ശശി തരൂര്‍ തന്നെ ഈ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പുറത്തുവിടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് സര്‍വെ നടത്തിയ കമ്പനിയും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പ്രചരണം നടത്തിയത്. ഹാരിസ് അറബിയെന്ന കോണ്‍ഗ്രസ് അനുകൂല വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഈ വാദം സാധൂകരിക്കുന്നതിനായി ശശി തരൂരിനെ എതിര്‍ക്കുന്നര്‍ പങ്കുവെച്ചത്.
ഹാരിസ് അറബിയാണ് ഡൊമൈന്‍ രജിസ്ട്രാര്‍ കമ്പനി ഒന്നുതന്നെയാണെന്ന് ആദ്യം വെളിപ്പെടുത്തിയതും. ഈ പോസ്റ്റ് തന്നെയാണ് ഇന്ന് വന്ന വാര്‍ത്തകള്‍ക്ക് ആധാരമായതെന്നാണ് കരുതുന്നത്.
CONTENT HIGHLIGHTS: Just because the domain registrar is the same, there is no connection between the survey company and Tharoor