വനിതാ ഏഷ്യാ കപ്പില്‍ ഹോങ് കോങ്ങിനെ പരാജയപ്പെടുത്തി ഇന്ത്യ കുതിപ്പ് തുടരുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഹര്‍മനും സംഘവും ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോങ് കോങ് വെറും 56 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 64 പന്തില്‍ 14 ഫോറും ഏഴ് സിക്‌സറും അടക്കം 124 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. ടി-20 ഐയില്‍ ഇത് രണ്ടാം തവണയാണ് മന്ഥാന സെഞ്ച്വറി നേടുന്നത്. അന്താരാഷ്ട്ര തലത്തില്‍ 18ാം തവണയും.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും മന്ഥാനയെ തേടിയെത്തി. ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ്ങിനെയും പ്രോട്ടിയാസ് ലെജന്‍ഡ് ലോറ വോള്‍വാര്‍ഡിനെയും മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം. ഇരുവരും 17 വീതം സെഞ്ച്വറിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത്.
വനിതാ ഏകദിനത്തില്‍ 14 തവണ മന്ഥാന ട്രിപ്പിള്‍ ഡിജിറ്റ് അടിച്ചെടുത്തിട്ടുണ്ട്. വനിതാ ടി-20 ഐയിലും വനിതാ ടെസ്റ്റിലും രണ്ട് തവണ വീതവും താരം സെഞ്ച്വറി സ്വന്തമാക്കി.
സെഞ്ച്വറി നേട്ടത്തിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വനിതാ താരമെന്ന ഐതിഹാസിക നേട്ടവും മന്ഥാന തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. ഇതിഹാസ താരം മിതാലി രാജിനെ മറികടന്നുകൊണ്ടായിരുന്നു മന്ഥാനയുടെ കുതിപ്പ്.
നിലവില്‍ 10,880 റണ്‍സാണ് മന്ഥാനയുടെ പേരിലുള്ളത്. ഏകദിനത്തില്‍ 5,411 റണ്‍സും ടി-20 ഐയില്‍ 4,681 റണ്‍സും നേടിയ താരം ടെസ്റ്റില്‍ 788 റണ്‍സുമാണ് അടിച്ചെടുത്തിട്ടുള്ളത്.
മന്ഥാനയുടെ ഈ രണ്ട് നേട്ടങ്ങളും ചേര്‍ത്തുവെക്കപ്പെടുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമാണ്. പുരുഷ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മന്ഥാന നേടിയ ഈ രണ്ട് നേട്ടങ്ങളുടെയും അവകാശി എന്നത് തന്നെ അതിന് കാരണവും.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,357 റണ്‍സും നൂറ് സെഞ്ച്വറികളുമാണ് സച്ചിന്റെ സമ്പാദ്യം.
അതേസമയം, നാളെയാണ് വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Just as Sachin Tendulkar holds the record in men’s cricket, Smriti Mandhana has scored the most international centuries and runs in women’s cricket.