തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവല്ലെന്നും ലീഗല്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണെന്നും മെറ്റ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
‘മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവിനെ തുടര്‍ന്നല്ലെന്നും,നിയമ അഭ്യര്‍ത്ഥനയുടെ ഭാഗമായിട്ടാണെന്നും മെറ്റ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. ഏപ്രില്‍ ഒന്ന് ‘വിഡ്ഢി ദിനം’ പോലെ, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്ന ബുധനാഴ്ച്ച ‘നുണദിനം’ എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു,’ മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവല്ലെന്നും മെറ്റയ്ക്ക് ലഭിച്ച ലീഗല്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണെന്നുമാണ് റിപ്പോര്‍ട്ടര്‍ ടി.വിക്കയച്ച ഇമെയില്‍ സന്ദേശത്തിലുള്ള മെറ്റയുടെ വിശദീകരണം.
സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നതായിരുന്നു നേരത്തെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇത് പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന മെറ്റയുടെ ഔദ്യോഗിക വിശദീകരണം.
മെറ്റയ്ക്ക് സംഭവിച്ച സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്ന് കേരളാ സൈബര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള രേഖകളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല.
വാര്‍ത്തകള്‍ പിന്‍വലിച്ചത് എ.ഐ വഴിയാണെന്ന നിലയില്‍ പ്രചരിച്ച വാര്‍ത്തകളും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നിര്‍ണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണെന്നാണ് മെറ്റയുടെ വിശദീകരണം. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നും മെറ്റ പറയുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് തനിക്കോ തന്റെ ഓഫീസിനോ യാതൊരു അറിവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മെറ്റയ്ക്ക് താന്‍ വേണമെങ്കില്‍ ഒരു കത്തയക്കാമെന്നും ഇതിനെതിരെ പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
Content Highlight: Just as April 1st is ‘April Fools’ Day’, it has once again been proven that Wednesday—the day of the Chief Minister’s press conference—is ‘Liar’s Day’: Mohammed Riyas.