| Monday, 24th August 2026, 1:35 pm

കുംഭമേളയ്ക്ക് ചിലവഴിക്കുന്ന 32000 കോടി ഫണ്ടിന്റെ 0.1 ശതമാനം മതിയായിരുന്നു നൂറിലധികം സ്‌കൂളുകളെ അടച്ചുപൂട്ടുന്നതില്‍ നിന്ന് രക്ഷിക്കാന്‍: ജസ്റ്റിസ് പി.ബി വരാലെ

നിഷാന. വി.വി

നാസിക്ക്: മഹാരാഷ്ട്രയിലെ മറാഠി മീഡിയം സ്‌കൂളുകളുടെ ദയനീയാവസ്ഥയില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. സ്‌കൂളുകള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേള പോലെയുള്ളവയ്ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് മതിയായ പരിഗണന നല്‍കുന്നില്ലെന്നും വരാലെ പറഞ്ഞു. നാസിക് ജില്ലയിലെ ഷീര്‍പൂരിലുള്ള തന്റെ പഴയ സ്‌കൂള്‍ സന്ദര്‍ശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നാസിക്കില്‍ നടക്കാനിരിക്കുന്ന കുംഭമേളയുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി സര്‍ക്കാര്‍ 32,000 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ 0.1 ശതമാനം തുക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ നൂറിലധികം മറാഠി വിദ്യാലയങ്ങളെ അടച്ചുപൂട്ടലില്‍ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍കാലങ്ങളില്‍ ബജറ്റിന്റെ എട്ട് മുതല്‍ 12 ശതമാനം വരെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നെങ്കില്‍ നിലവില്‍ അത് ഗണ്യമായി കുറഞ്ഞുവെന്നും ഡിജിറ്റല്‍ ക്ലാസ് മുറികളും ആധുനിക ലാബുകളും ഒരുക്കി വിദ്യാലയങ്ങള്‍ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ജെ.പിയുടെ സ്‌കൂള്‍ ഠീക് കരോ ക്യാമ്പൈനുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിവിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Content Highlight: Just 0.1 percent of the ₹32,000 crore spent on the Kumbh Mela would have sufficed to save over a hundred schools from closure: Justice P.B. Varale.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more