| Sunday, 3rd August 2025, 9:27 pm

ഗോകുലിന്റേത് പുതുമയുള്ള പ്രകടനമെങ്കിലും സിനിമക്ക് ഗുണനിലവാരമില്ല; ആടുജീവിതം തഴയപ്പെട്ടതില്‍ ജൂറി അംഗത്തിന്റെ പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഗസ്റ്റ് 1 നാണ്  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ജൂറി ചെയര്‍പേഴ്സണ്‍ അശുതോഷ് ഗോവാരിക്കറാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചിരുന്നത്.

ജവാന്‍, 12ത് ഫെയ്ല്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും യഥാക്രമം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍ മികച്ച സഹനടി, സഹനടന്‍ ഉള്‍പ്പെടെ ആറോളം പുരസ്‌കാരങ്ങള്‍ മലയാളം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് ദേശീയ പുസ്‌കാരങ്ങള്‍ ഇല്ലാതിരുന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. ആടുജീവിതത്തിന് ഒരു അവാര്‍ഡ് പോലും നല്‍കാതിരുന്നത് എന്തുകൊണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ഇപ്പോള്‍, ആടുജീവിതം അവാര്‍ഡുകള്‍ക്കായി മത്സരത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ അന്തിമ ചര്‍ച്ചകളില്‍ ലഭിച്ചില്ലെന്നും ദേശീയ അവാര്‍ഡ് ജൂറി അംഗം പ്രദീപ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂറി ചെയര്‍പേഴ്സണ്‍ അശുതോഷ് ഗോവാരിക്കറുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനം എടുത്തതെന്നാണ് പ്രദീപ് നായര്‍ പറയുന്നത്.

ഗോവയില്‍ നടന്ന ചലച്ചിത്രമേളയില്‍ അശുതോഷ് ഗോവാരിക്കര്‍ ചിത്രം കണ്ടിരുന്നുവെന്നും സിനിമയുടെ ചലച്ചിത്രാവിഷ്‌കാരത്തെ കുറിച്ചും മറ്റും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു എന്നും പ്രദീപ് പറയുന്നു. സിനിമയുടെ ആവിഷ്‌കരണം സ്വാഭാവികമല്ലെന്നും പ്രകടനങ്ങള്‍ ആധികാരികമല്ലെന്നുമായിരുന്നു ഗോവാരിക്കറുടെ വാദം.

മികച്ച പിന്നണി ഗായകന്‍, മികച്ച ഗാനരചയിതാവ് എന്നീ വിഭാഗങ്ങളില്‍ ആടുജീവിതം മത്സരത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച വരികളുടെ ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനം ഇല്ലാത്തതിനാല്‍ തങ്ങള്‍ മുന്നോട്ട് പോയില്ലെന്നും പ്രദീപ് പറഞ്ഞു.

അതേസമയം, ‘കെ.ആര്‍. ഗോകുലിന്റെ കഥാപാത്രത്തിന്റെ പുതുമയും സ്വാധീനവും ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നുവെന്നും എന്നാല്‍ ചിത്രത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കൂടി പരിഗണിച്ചതിനാല്‍ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചില്ലെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ഹക്കിം എന്ന കഥാപാത്രത്തെയാണ് കെ.ആര്‍. ഗോകുല്‍ അവതരിപ്പിച്ചിരുന്നത്.

Content Highlight: Jury member Pradeep Nair responds to why there are no awards for Aadujeevitham movie

We use cookies to give you the best possible experience. Learn more