ജര്‍മനിയുടെ പുതിയ പരിശീലകനായി ഇതിഹാസ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ചുമതയേറ്റു. 2030 ലോകകപ്പ് വരെയാണ് ക്‌ളോപ്പിനെ ജര്‍മനി പരിശീലകനായി നിയമിച്ചിരിക്കുന്നത്. ജൂലിയന്‍ നെഗ്ലസ്മാന്റെ പകരക്കാരനായാണ് ക്ലോപ്പ് ജര്‍മനിയുടെ പരിശീലക കുപ്പായമണിയുന്നത്.
ഫിഫ ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായതിന് പിന്നാലെ നെഗ്ലസ്മാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്‌ളോപ്പിന്റെ നിയമനം. ജര്‍മനിക്കൊപ്പം വരാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗാണ് ക്‌ളോപ്പിന്റെ മുന്നിലുള്ള ആദ്യ ടൂര്‍ണമെന്റ്. ഇതിന് ശേഷം 2028 യൂറോ കപ്പും ജര്‍മനിയുടെ മുന്നിലുണ്ട്.
2028 യൂറോകപ്പിന് മുമ്പായി ജര്‍മനിയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക എന്നതായിരിക്കും ക്ലോപ്പിന്റെ മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം. ക്ലോപ്പിന്റെ വരവ് ജര്‍മന്‍ ഫുട്ബോളിന് ഒരു പുതുയുഗം സമ്മാനിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പരീശീലിപ്പിച്ച എല്ലാ ടീമുകളെയും ഉന്നതയില്‍ എത്തിച്ച ഇതിഹാസ പരിശീലകന്മാരില്‍ ഒരാളാണ് ക്ലോപ്പ്. 2001 മുതല്‍ 2008 വരെ എഫ്.സി മെയിന്‍സിനെ പരിശീലിപ്പിച്ച ക്ലോപ്പ് 2008 മുതല്‍ 2015 വരെ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.
ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം തകര്‍ത്ത് ഡോര്‍ട്മുണ്ടിനെ രണ്ട് തവണ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ ക്ളോപ്പിന് സാധിച്ചിരുന്നു. ഡോര്‍ട്മുണ്ട് തങ്ങളുടെ അവസാന ലീഗ് കിരീടം നേടിയതും ക്ലോപ്പിന്റെ കാലത്തായിരുന്നു.
2015ല്‍ ജര്‍മന്‍ ക്ലബ്ബ് വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ പരിശീലകനായാണ് ക്ളോപ്പ് ചുമതലയേറ്റത്. ക്ലോപ്പിന്റെ വരവോടുകൂടി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നീട് മികച്ച മുന്നേറ്റമായിരുന്നു കാഴ്ചവെച്ചത്.
ടീമിനെ പുനര്‍നിര്‍മിക്കുകയും മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ലിവര്‍പൂളിനെ മികച്ച ടീമാക്കി മാറ്റാന്‍ ക്ലോപ്പിന് സാധിച്ചിരുന്നു. ലിവര്‍പൂളിനായി എട്ട് കിരീടങ്ങള്‍ ആണ് ക്ലോപ്പ് ഒമ്പത് വര്‍ഷത്തിനുള്ളില്‍ നേടികൊടുത്തത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, എഫ്.എ കപ്പ്, എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ്, രണ്ട് കാരബാവോ കപ്പ് എന്നീ ട്രോഫികള്‍ ആണ് ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 2024ലാണ് ക്‌ളോപ്പ് ലിവര്‍പൂള്‍ വിട്ടത്. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പരിശീലകന്റെ വേഷത്തില്‍ ക്‌ളോപ്പ് എത്തിയിരിക്കുകയാണ്.
അതേസമയം 2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാഗ്വയോട് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പുതുമുഖങ്ങളായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വരവറിയിച്ചു ജര്‍മനി രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ ടീം ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും കീഴടക്കി.
എന്നാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇക്വാഡോറിനെതിരെ 2-1ന് ജര്‍മനി പരാജയപ്പെടുകയായിരുന്നു. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാരുന്നു ജര്‍മന്‍ പട അടുത്ത റൗണ്ടിലേക്ക് കടന്നത്. എന്നാല്‍ റൗണ്ട് ഓഫ് 32ല്‍ പരാഗ്വയോട് പെനാല്‍റ്റിയില്‍ വീണ് ജര്‍മനി പുറത്താവുകയായിരുന്നു.
2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നിന്നും ലോക കിരീടം നേടിയതിന് ശേഷം ജര്‍മനിക്ക് പിന്നീട് നടന്ന മേജര്‍ ടൂര്‍ണമെന്റുകളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 2018 റഷ്യന്‍ ലോകകപ്പിലും 2022 ഖത്തര്‍ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു.
Content Highlight: Legendary coach Jurgen Klopp has been appointed as Germany’s new coach