| Friday, 6th June 2025, 10:31 pm

അവന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷര്‍; സൂപ്പര്‍ താരത്തെക്കുറിച്ച് മുന്‍ ജര്‍മന്‍ താരം ജര്‍ഗന്‍ ക്ലിന്‍സ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ലീഗിലെ ആദ്യ സെമിഫൈനലില്‍ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി പോര്‍ച്ചുഗല്‍ നേരത്തെ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ജര്‍മ്മനിയുടെ തട്ടകമായ അലിയന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്.

പോര്‍ച്ചുഗലിനെ ഫൈനലിലേക്ക് യോഗ്യത നേടികൊടുക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ആയിരുന്നു വിജയഗോള്‍ നേടിയത്.

തന്റെ നാല്പതാം വയസിയിലും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോയുടെ പ്രകടനങ്ങളെ പ്രശംസിച്ച് സംസാരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ജര്‍ഗന്‍ ക്ലിന്‍സ്മാന്‍. ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്നാണ് റൊണാള്‍ഡോയെ ക്ലിന്‍സ്മാന്‍ വിശേഷിപ്പിച്ചത്.

’40 വയസുള്ളപ്പോള്‍ അദ്ദേഹം ഫുട്‌ബോളില്‍ ചെയ്യുന്ന കാര്യങ്ങള്‍ അസാധാരണമാണ്. റൊണാള്‍ഡോക്ക് പ്രായമാകുന്നില്ല എന്ന് തോന്നുന്നു. ടീമിനായി അദ്ദേഹം എല്ലാം സമര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഒരു മികച്ച ഫിനിഷറാണ്. അദ്ദേഹം ഇപ്പോഴും ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. കളിക്കളത്തില്‍ അദ്ദേഹത്തിന് എപ്പോഴും ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ മനോഭാവമാണ് കളത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നത്’ ക്ലിന്‍സ്മാന്‍ പറഞ്ഞു.

അതേസമയം രണ്ടാം സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ ഫൈനല്‍ യോഗ്യത നേടിയത്. ജൂണ്‍ ഒമ്പതിനാണ് ഇരുവരും തമ്മിലുള്ള കലാശപ്പോരാട്ടം.

Content Highlight: Jurgen Klinsmann Praises Cristiano Ronaldo

We use cookies to give you the best possible experience. Learn more