| Friday, 24th July 2026, 9:38 pm

എന്റെ കുടുംബത്തിന് നേരെ വന്നാല്‍ ഞാന്‍ രാജിവെക്കും: മുന്നറിയിപ്പുമായി ക്‌ളോപ്പ്

സുദേവ് എ

ജര്‍മനിയുടെ പുതിയ പരിശീലകനായി ഇതിഹാസ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ചുമതയേറ്റു. 2030 ലോകകപ്പ് വരെയാണ് ക്ളോപ്പിനെ ജര്‍മനി പരിശീലകനായി നിയമിച്ചിരിക്കുന്നത്.

ജൂലിയന്‍ നെഗ്ലസ്മാന്റെ പകരക്കാരനായാണ് ക്ലോപ്പ് ജര്‍മനിയുടെ പരിശീലക കുപ്പായമണിയുന്നത്. ഫിഫ ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായതിന് പിന്നാലെ നെഗ്ലസ്മാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്ളോപ്പിന്റെ നിയമനം.

പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ ജര്‍മന്‍ ആരാധകര്‍ക്ക് ക്ലോപ്പ് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. പരിശീലകനെന്ന നിലയില്‍ തന്നെ വിമര്‍ശിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാല്‍ തന്റെ കുടുംബത്തെ വലിച്ചിഴക്കരുതെന്നുമാണ് ക്ലോപ്പ് പറഞ്ഞത്. ഡി.എഫ്.ബി തന്നെ വേണ്ടെന്ന് പറഞ്ഞാല്‍ അതും താന്‍ അംഗീകരിക്കുമെന്നും ക്‌ളോപ്പ് വ്യക്തമാക്കി.

‘നിങ്ങള്‍ക്ക് എന്നെ വേണ്ടെന്ന് തോന്നുന്ന ദിവസം ഞാന്‍ ഒരു നഷ്ടപരിഹാരവും വാങ്ങാതെ തന്നെ പോകും. ഇത് ഒരാളുടെ മാത്രം തീരുമാനമായിരിക്കില്ല. ബന്ധപ്പെട്ട എല്ലാവരുടെയും തീരുമാനമായിരിക്കും. ഡി.എഫ്. ബി എന്നെ വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ അത് അംഗീകരിക്കും.

എന്റെ ജോലിയെ വിമര്‍ശിക്കുന്നത് എനിക്ക് പ്രശ്‌നമല്ല. എന്തെങ്കിലും ശരിയായി നടക്കാത്തത് ഉണ്ടെങ്കില്‍ എന്നെ വിമര്‍ശിക്കൂ. അത് മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും. പക്ഷേ എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ രാജിവെക്കും.

ദേശീയ ടീമിന്റെ പരിശീലകന്‍ ആകുന്നതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി. ഇതിന് ശേഷം മറ്റൊരു വലിയ ബഹുമതി ഞാന്‍ എന്റെ കരിയറില്‍ ചിന്തിക്കുന്നില്ല. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം ഇത് തന്നെയായിരിക്കും,’ ക്‌ളോപ്പ് പറഞ്ഞു.

ജര്‍മനിക്കൊപ്പം വരാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗാണ് ക്ളോപ്പിന്റെ മുന്നിലുള്ള ആദ്യ ടൂര്‍ണമെന്റ്. ഇതിന് ശേഷം 2028 യൂറോ കപ്പും ജര്‍മനിയുടെ മുന്നിലുണ്ട്.

2028 യൂറോകപ്പിന് മുമ്പായി ജര്‍മനിയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക എന്നതായിരിക്കും ക്ലോപ്പിന്റെ മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം. ക്ലോപ്പിന്റെ വരവ് ജര്‍മന്‍ ഫുട്‌ബോളിന് ഒരു പുതുയുഗം സമ്മാനിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം 2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നിന്നും ലോക കിരീടം നേടിയതിന് ശേഷം ജര്‍മനിക്ക് പിന്നീട് നടന്ന മേജര്‍ ടൂര്‍ണമെന്റുകളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 2018 റഷ്യന്‍ ലോകകപ്പിലും 2022 ഖത്തര്‍ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു.

Content Highlight: Jurgan Klopp issued a warning to German fans after taking over as coach

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more