| Wednesday, 5th November 2025, 3:12 pm

ഡിപ്രഷനാണോ അതോ സിനിമക്ക് വേണ്ടി മെലിഞ്ഞതാണോ, ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ വീഡിയോക്ക് പിന്നാലെ കമന്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ജൂനിയര്‍ എന്‍.ടി.ആര്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് ബാലതാരമായി വെള്ളിത്തിരിയിലേക്കെത്തിയ ജൂനിയര്‍ എന്‍.ടി.ആറിനെ ആരാധകര്‍ സ്‌നേഹത്തോടെ താരക് എന്നാണ് വിളിക്കാറുള്ളത്. താരമെന്നതിനൊപ്പം മികച്ച നടനെന്ന നിലയിലും താരക് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താരത്തിന്റെ പുതിയ മേക്ക് ഓവറാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മുമ്പ് കണ്ടതിനെക്കാള്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് താരക് പ്രത്യക്ഷപ്പെട്ടത്. വര്‍ക്കൗട്ട് ചെയ്ത് നല്ല ഫിസീക്കുള്ള ശരീരമായിരുന്നു ജൂനിയര്‍ എന്‍.ടി.ആറിന്റേത്. ഇപ്പോഴുള്ള ഗെറ്റപ്പ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇത്ര മെലിയാന്‍ എന്താണ് കാരണമെന്നാണ് പലരും ചോദിക്കുന്നത്. താരത്തിന്റെ അവസാന സിനിമയായ വാര്‍ 2 ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരുന്നു. വന്‍ ഹൈപ്പിലും ബജറ്റിലുമൊരുങ്ങിയ ചിത്രം പരാജയമായതിന്റെ ഡിപ്രഷന്‍ കാരണമാണ് താരക് മെലിഞ്ഞതെന്ന് ഒരുവിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വന്‍ പരാജയം അംഗീകരിക്കാന്‍ താരകിന് സാധിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ അതല്ല കാരണമെന്നും പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണ് വേണ്ടിയാണ് എന്‍.ടി.ആര്‍. മെലിയുന്നതെന്നും ചില സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടു. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിക്കാനാകും ഈ നീക്കമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാഗണ്‍.

ചിത്രത്തിന്റെ ഷൂട്ടിനിടെ എന്‍.ടി.ആറിന് പരിക്കേല്ക്കുകയും വാരിയെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു താരം. മരുന്നുകളുടെ സൈഡ് എഫക്ട് കാരണാണ് മെലിഞ്ഞതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമക്ക് വേണ്ടിയാണ് മെലിഞ്ഞതെങ്കില്‍ ഒരു തെലുങ്ക് നടന്റെ ഏറ്റവും വലിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് ടോളിവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തടി കൂടിയതിന്റെ പേരില്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന നടനായിരുന്നു ജൂനിയര്‍ എന്‍.ടി.ആര്‍. ഒടുവില്‍ 2018ല്‍ പുറത്തിറങ്ങിയ അരവിന്ദ സമേത വീര രാഘവ എന്ന ചിത്രത്തിനായി ബോഡിബില്‍ഡ് ചെയ്ത താരകിന്റെ മേക്കോവര്‍ സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ പുതിയ മേക്കോവറിന് പിന്നിലെ കാരണം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Junior NTR’s new look viral among fans

We use cookies to give you the best possible experience. Learn more