മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലുമാണ് സുധി മാഡിസണ്‍ സംവിധാനം ചെയ്ത ധൂമകേതുവെന്ന ചിത്രത്തില്‍ നടന്‍ ഗണപതി എത്തിയത്. പതിവ് പയ്യന്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി കട്ടിമീശയും വയറുമൊക്കെയായി മുപ്പതുകാരന്റെ ശരീരഭാഷയും മാനറിസങ്ങളുമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്.
കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളും ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവെക്കുകയാണ് ഗണപതി.
ടൈം ലൂപ്പ് പ്രമേയമാകുന്ന ചിത്രത്തില്‍ ഒരേ രംഗങ്ങള്‍ പലതവണ ആവര്‍ത്തിച്ച് ചിത്രീകരിക്കേണ്ടിവന്നിരുന്നെന്നും എന്നാല്‍, ഇതിന്റെ പിന്നിലെ കാരണം അറിയാതിരുന്ന സെറ്റിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തനിക്ക് അഭിനയിക്കാന്‍ അറിയാത്തതുകൊണ്ടാണ് സംവിധായകന്‍ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യുന്നതെന്ന് കരുതിയെന്നാണ് ഗണപതി പറയുന്നത്.
കഥാപാത്രത്തിനായി ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വയറൊക്കെ കൂട്ടി, വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ എത്തിയതെന്നും താരം പറയുന്നു.
‘നല്ല രസമുള്ള ഒരു കഥാപാത്രമായിരുന്നു. ഇതുവരെ ചെയ്യാത്ത നാടന്‍ ടൈപ്പ് പരിപാടിയായിരുന്നു. ലുക്കും ഭയങ്കര വ്യത്യസ്തമായിരുന്നല്ലോ. കഥാപാത്രത്തിന് വേണ്ടി തടിയൊക്കെ കൂട്ടി, വയറൊക്കെ വെച്ചിട്ടാണ് വന്നത്.
സെറ്റില്‍ കഥ കുറച്ചുപേര്‍ക്കല്ലേ അറിയൂ. പടത്തില്‍ കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെയുണ്ടാകും. ഇവര്‍ നോക്കുമ്പോള്‍ ഞങ്ങളൊക്കെ വന്നിട്ട് ഒരേ സീന്‍ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. സജിനും ഗണപതിക്കുമൊന്നും അഭിനയിക്കാന്‍ അറിയില്ലേ, ഇവന്മാര്‍ ഇത് തെറ്റിച്ചുകൊണ്ടിരിക്കുകയാണല്ലോ എന്ന് അവര്‍ ചോദിക്കും.
‘എത്ര ദിവസമായി ആ പയ്യന്‍ അഭിനയിക്കുന്നു. എത്ര ഷൂട്ട് ചെയ്തിട്ടും ശരിയാവുന്നില്ലല്ലോ’ എന്ന് ജൂനിയേഴ്‌സ് എല്ലാ ദിവസവും പറയുമായിരുന്നു,’ സംവിധായകന്‍ സുധി മാഡിസണും പറഞ്ഞു.
അഭിനയത്തോടാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്നും സിനിമയുടെ മറ്റ് മേഖലകളെക്കുറിച്ച് പഠിക്കുന്നത് സിനിമയുടെ ഭാഗമായിത്തന്നെ തുടരാനുള്ള ആഗ്രഹം കൊണ്ടാണെന്നും ഗണപതി പറയുന്നു.
‘അഭിനയം തന്നെയാണ് ഇഷ്ടം. പിന്നെ സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ് കാസ്റ്റിങ്ങും മറ്റ് പരിപാടികളും പഠിക്കുന്നത്. സംവിധാനത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. റൈറ്റിങ്ങിലും പ്രൊഡക്ഷനിലുമൊക്കെ നേരത്തെ ഭാഗമായിട്ടുണ്ട്. അങ്ങനെ പതുക്കെ പണി പഠിക്കട്ടെ. അതിന് ശേഷം ഡയറക്ഷനിലേക്ക് കടക്കാം,’ ഗണപതി പറഞ്ഞു.
Content Highlight: Junior Artists Thought He Was Reshooting Because He Couldn’t Get It Right: Ganapathi on Dhoomakethu