| Saturday, 24th January 2026, 1:58 pm

ബി.ജെ.പി ഭരണത്തില്‍ ഉള്ളിടത്തെല്ലാം 'ജംഗിള്‍ രാജ്' പിടിമുറുക്കി; ഒഡീഷയിലെ പാസ്റ്റര്‍ക്കെതിരായ ആക്രമണത്തില്‍ ഉവൈസി

രാഗേന്ദു. പി.ആര്‍

ഭുവനേശ്വര്‍: ഒഡീഷയിലെ പാസ്റ്റര്‍ക്ക് നേരെയുള്ള ആക്രമണം സംസ്ഥാനത്തെ ഒട്ടനേകം സംഭവങ്ങളിലെ ഒന്ന് മാത്രമെന്ന് എ.എം.ഐ.എം.എം മേധാവി അസദുദ്ദീന്‍ ഉവൈസി.

ഒഡീഷയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നുണ്ടെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

എക്‌സ് പോസ്റ്റിലൂടെയാണ് ഉവൈസിയുടെ പ്രതികരണം. സംസ്ഥാനത്തുടനീളം നിരവധി ബംഗാളി മുസ്‌ലിം തെരുവ് കച്ചവടക്കാരെയാണ് സംഘപരിവാര്‍ അക്രമിച്ചതെന്നും ഉവൈസി പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ‘ജംഗിള്‍ രാജ്’ പിടിമുറുക്കിയിരിക്കുകയാണെന്നും ഉവൈസി പ്രതികരിച്ചു.

യു.പിയില്‍ മിശ്രവിവാഹം ചെയ്ത ദമ്പതികളുടെ കൊലപാതകം, അഖ്‌ലാഖ് കൂട്ടക്കൊലയിലെ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കല്‍, സംഭാല്‍ കലാപത്തില്‍ പൊലീസിനെതിരെ എഫ്.ഐ.ആറിടാന്‍ ഉത്തരവിട്ട ജഡ്ജിയുടെ സ്ഥലം മാറ്റല്‍ എന്നീ നടപടികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഉവൈസിയുടെ പ്രതികരണം.

അടുത്തത് എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ഉത്തര്‍പ്രദേശിലേക്ക് ഒന്ന് നോക്കിയാല്‍ മതിയെന്നും ഉവൈസി പറഞ്ഞു.

ജനുവരി നാലിന്, ഞായറാഴ്ചത്തെ പതിവ് പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ചെത്തിയ 40ഓളം വരുന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററെ ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. പാസ്റ്ററുടെ വീട്ടിലേക്കാണ് ഹിന്ദുത്വര്‍ കടന്നുകയറിയത്.

ഒഡീഷയിലെ ധെക്കനാല്‍ ജില്ലയിലെ ബിപിന്‍ ബിഹാരി നായിക് എന്ന പാസ്റ്ററാണ് അതിക്രമത്തിന് ഇരയായത്. അക്രമികള്‍ നായിക്കിന്റെ മുഖത്ത് സിന്ദൂരം വാരിതേക്കുകയും ചാണകം തീറ്റിക്കുകയും ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ പാസ്റ്റര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

അതേസമയം നായിക്കിനെ ആക്രമിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് പിന്നീട് ഉയര്‍ന്നത്.

Content Highlight: ‘Jungle Raj’ has taken hold wherever BJP is in power; Owaisi on attack on pastor in Odisha

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more