| Friday, 5th September 2025, 6:07 pm

ഇതിഹാസങ്ങളടക്കം ഒറ്റ ഇന്ത്യന്‍ താരത്തിന് പോലുമില്ലാത്ത അന്താരാഷ്ട്ര നേട്ടം; ചരിത്രമെഴുതി യു.എ.ഇ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-യു.എ.ഇ ത്രിരാഷ്ട്ര പരമ്പരയില്‍ ചരിത്രമെഴുതി യു.എ.ഇ സൂപ്പര്‍ താരം ജുനൈദ് സിദ്ദിഖ്. അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ യു.എ.ഇ താരമെന്ന നേട്ടമാണ് ജുനൈദ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ മത്സരത്തില്‍ നേടിയ ഒറ്റ വിക്കറ്റാണ് യു.എ.ഇ സൂപ്പര്‍ താരത്തെ ചരിത്ര നേട്ടത്തിലെത്തിച്ചത്.

അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന 24ാമത് താരം കൂടിയാണ് ജുനൈദ് സിദ്ദിഖ്.

അന്താരാഷ്ട്ര ടി-20യില്‍ യു.എ.ഇയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജുനൈദ് സിദ്ദിഖ് – 74 – 100*

സഹൂര്‍ ഖാന്‍ – 57 – 72

രോഹന്‍ മുസ്തഫ – 56 – 61

മുഹമ്മദ് ജവാദുള്ള – 35 – 54

അലി നസീര്‍ – 39 – 51

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും നൂറ് വിക്കറ്റ് നേടാന്‍ സാധിച്ചിട്ടില്ല എന്നതും ജുനൈദ് സിദ്ദിഖിന്റെ നേട്ടത്തിനൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്. 99 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങാണ് ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത്. വരുന്ന ഏഷ്യാ കപ്പില്‍ അര്‍ഷ്ദീപ് നൂറ് അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയേക്കും.

2019 ഒക്ടോബര്‍ 18ന് ഒമാനെതിരെയാണ് ജുനൈദ് സിദ്ദിഖ് അന്താരാഷ്ട്ര ടി-20യില്‍ അരങ്ങേറ്റം കുറിച്ചത്. 21.32 ശരാശരിയില്‍ പന്തെറിയുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 16.6 ആണ്. കരിയറില്‍ മൂന്ന് തവണ ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2020ല്‍ ഖത്തറിനെതിരെ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ടി-20 ഫോര്‍മാറ്റില്‍ താരം ആകെ നേടിയത് 102 വിക്കറ്റുകളാണ്. ഇതില്‍ നൂറും ദേശീയ ടീമിന് വേണ്ടിയാണ്.

വരുന്ന ഏഷ്യാ കപ്പിനുള്ള യു.എ.ഇ ടീമിലും താരം അംഗമാണ്. ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് എ-യിലാണ് ടീം ഇടം പിടിച്ചിരിക്കുന്നത്. ഈ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോര്‍ പ്രവേശനം നേടുക എന്നത് യു.എ.ഇയെ സംബന്ധിച്ച് ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെയാകും ടീം ഒരുങ്ങുന്നത്.

Content Highlight: Junaid Siddique becomes 1st UAE cricketer to complete 100 T20I wickets

We use cookies to give you the best possible experience. Learn more