| Tuesday, 11th August 2026, 1:45 pm

ജൂലൈ 20ലെ പ്രതിഷേധം: കുറഞ്ഞത് 10 പേര്‍ക്ക് പെല്ലറ്റ് തോക്കില്‍ നിന്ന് വെടിയേറ്റതായി വിവരാവകാശ രേഖ

ആദർശ് എം.കെ.

ന്യൂദല്‍ഹി: ജൂലൈ 20ന് ന്യൂദല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ ദല്‍ഹി പോലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍.എ.എഫ്) നടത്തിയ നടപടിയില്‍ കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും പെല്ലറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റ് പരിക്കേറ്റതായി വിവരാവകാശ രേഖ.

തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലേക്ക് വിവിധ ആശുപത്രികളില്‍ നിന്ന് ലഭിച്ച ആര്‍.ടി.ഐ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

നേരത്തെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കില്‍, നിലവില്‍ സ്ഥിരീകരിച്ച കണക്കുകള്‍ ഇതിന്റെ ഇരട്ടിയാണെന്ന് സാകേത് ഗോഖലെ എക്‌സിലൂടെ വെളിപ്പെടുത്തി.

ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയവരില്‍ 9 പേര്‍ക്ക് പെല്ലറ്റ് മൂലം പരിക്കേറ്റതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങള്‍ക്ക് ശേഷം 46 പ്രതിഷേധക്കാരും 35 പൊലീസ് ഉദ്യോഗസ്ഥരും അടക്കം ആകെ 81 പേരാണ് ഇവിടെ ചികിത്സയ്‌ക്കെത്തിയത്

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഒരാള്‍ക്ക് പെല്ലറ്റ് മൂലം പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ചികിത്സ തേടിയ 29 പേരില്‍ 25 പേര്‍ പോലീസുകാരും 4 പേര്‍ പ്രതിഷേധക്കാരുമാണ്.

എയിംസ്, റാം മനോഹര്‍ ലോഹ്യ ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകാനിരിക്കുന്നതേയുള്ളൂ. അതിനാല്‍ പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം.

പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ദല്‍ഹി പോലീസ് ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ജൂലൈ 22ന് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയ ജനറല്‍ ഡയറി (ജി.ഡി) എന്‍ട്രി പ്രകാരം, ക്രമസമാധാന പാലനത്തിനായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആന്റിറയറ്റ് ഗണ്ണില്‍ നിന്ന് രണ്ടു റൗണ്ട് വെടിവെച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

25കാരനായ കലാകാരന്‍ പ്രശാന്ത് കുമാര്‍ സിങ്, 25കാരന്‍ ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരി, 19കാരനായ വിദ്യാര്‍ത്ഥി സാഹില്‍ ലോചാബ്, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ പെല്ലറ്റ് പ്രഹരമേറ്റവരില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, നൂതന്‍ എന്ന 32കാരിക്ക് മാരകമായ ആയുധം കൊണ്ടുള്ള പ്രഹരമേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യതലസ്ഥാനത്ത് നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരും ദല്‍ഹി പോലീസും യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Content Highlight: July 20 Protest: RTI document reveals at least 10 people were hit by pellet gun fire.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more