| Saturday, 3rd October 2026, 10:53 pm

അദ്ദേഹം എക്കാലത്തെയും മികച്ച താരമാണ്, അതിനുപുറമെ അതിശയകരമായൊരു വ്യക്തിയുമാണ്; ജൂലിയന്‍ അല്‍വാരസ്

ശ്രീരാഗ് പാറക്കല്‍

ഇതിഹാസ താരം ലയണല്‍ മെസിയെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസ്. അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് മെസി വിരമിച്ച ശേഷം ടീമിലെക്ക് തിരിച്ചെത്തിയത് ശരിക്കും വിചിത്രമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെസിയുടെ അഭാവം ഇത്രയധികം അനുഭവപ്പെടുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അല്‍വാരസ് പറഞ്ഞു.

‘മെസി ഇല്ലാതെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തിയത് ശരിക്കും വിചിത്രമായി തോന്നുന്നു എന്നതാണ് സത്യം. ഒരു ഘട്ടത്തില്‍ ഇത് സംഭവിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം ഇത്രയധികം അനുഭവപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. മറ്റാരെക്കാളും താന്‍ മുകളിലാണെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്നും അല്‍വാരസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം എപ്പോഴും ഒരു നേതാവായിരുന്നു. മറ്റാരെക്കാളും താന്‍ മുകളിലാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ടിരുന്ന ആ വീഡിയോ കാണുമ്പോഴെല്ലാം എനിക്ക് ഇപ്പോഴും വികാരാധീനനാകാറുണ്ട്. അപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ടീമിനെയായിരുന്നു.

ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും ഞങ്ങളുമായി പങ്കുവെച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം എനിക്ക് എക്കാലത്തെയും മികച്ച താരമാണ്. അതിനുപുറമെ, അദ്ദേഹം അതിശയകരമായൊരു വ്യക്തിയുമാണ്. ആളുകള്‍ കരുതുന്നതിലും ഏറെ മെസിയെ അവര്‍ മിസ് ചെയ്യാന്‍ പോകുകയാണ്,’ അല്‍വാരസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അടുത്തിടെയാണ് ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കി മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി ഒക്ടോബര്‍ ആറിന് അര്‍ജന്റീനക്കൊപ്പമുള്ള വിടവാങ്ങല്‍ മത്സരത്തിന് ഒരുങ്ങുകയാണ് മെസി. ബെനിനെതിരെയായിരിക്കും മെസി അവസാനമായി നീല ജേഴ്‌സി അണിയുക. 2028 കോപ്പ അമേരിക്കയില്‍ കൂടി മെസി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2026 ഫിഫ ലോകകപ്പില്‍ മെസിയുടെ മികവില്‍ ഫൈനല്‍ വരെ മുന്നേറാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തിയാണ് സ്പെയ്ന്‍ ചാമ്പ്യന്മാരായത്.

ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനും അര്‍ജന്റൈന്‍ ഇതിഹാസമാണ്.

Content Highlight: Julian Alvarez Praises Legend Footballer Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more