| Thursday, 30th April 2026, 7:00 pm

മെസിയെ വീഴ്ത്തിയ ഒറ്റ ഗോള്‍ ഇനി ചരിത്രം; വമ്പന്‍ നേട്ടത്തില്‍ തിളങ്ങി അല്‍വാരസ്

Sudev A

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിലെ ആദ്യ പാദ പോരാട്ടത്തില്‍ അത്ലെറ്റിക്കോ മാഡ്രിഡും ആഴ്സണലും സമനിലയില്‍ പിരിഞ്ഞിരുന്നു. അത്ലെറ്റിക്കോയുടെ തട്ടകമായ മാഡ്രിഡിലെ റിയാദ് എയര്‍ മെട്രോപൊളിറ്റാനോയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലാവുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണല്‍ ലീഡ് നേടിയിരുന്നു. ഗോള്‍ നേടി ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചത് വിക്ടര്‍ ഗ്യോക്കെറസാണ്. 44ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത്ലെറ്റിക്കോ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ നേടിയത്. 57ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് താരം ഗോള്‍ സ്വന്തമാക്കിയത്. ഈ ഗോളോടെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണില്‍ അത്ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി 10 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാറാനും അല്‍വാരസിന് സാധിച്ചു.

എട്ട് ഗോളുകള്‍ നേടിയ ഡിയാഗോ കോസ്റ്റയാണ് അര്‍ജന്റൈന്‍ താരത്തിന് പിന്നിലുള്ളത്. 2013 സീസണിലാണ് കോസ്റ്റ എട്ട് ഗോളുകള്‍ ക്ലബ്ബിനായി അടിച്ചുകൂട്ടിയത്. ഇപ്പോള്‍ ആദ്യമായി അത്ലെറ്റിക്കോക്ക് വേണ്ടി യു.സി.എല്ലില്‍ ഒരു താരം ഗോള്‍ വേട്ടയില്‍ രണ്ടക്കം കടന്നിരിക്കുകയാണ്.

ജൂലിയൻ അൽവാരസ്. Photo: Atletico Universe/x.com

25 ഗോളുകളാണ് താരം ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ നേടിയിട്ടുള്ളത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും വേഗത്തില്‍ 25 ഗോള്‍ നേടുന്ന സൗത്ത് അമേരിക്കന്‍ താരമായും അല്‍വാരസ് മാറി. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ മറികടന്നാണ് അല്‍വാരസ് ഒന്നാമനായത്. 41 മത്സരങ്ങളില്‍ നിന്നുമാണ് അല്‍വാരസ് 25 ഗോളുകള്‍ നേടിയത്. മെസിയെക്കാള്‍ ഒരു മത്സരം കുറവ് കളിച്ചാണ് അല്‍വാരസ് സൗത്ത് അമേരിക്കയില്‍ വേഗതയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം മെയ് ആറിനാണ് നടക്കുന്നത്. ഗണ്ണേഴ്സിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മറ്റൊരു സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ 5-4ന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിന്റെ രണ്ടാം പാദം മെയ് ഏഴിന് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടക്കും.

മെയ് 30നാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം. ഹംഗറിയിലെ പുസ്‌കസ് അരീനയാണ് വേദി.

Content Highlight: Julian Alvarez Create a Historical Record In UEFA Champions League

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more