| Thursday, 30th April 2026, 11:21 am

ഒറ്റ ഗോളില്‍ മെസിയും വീണു; വേഗക്കാരനായി അല്‍വാരസ്

ഫസീഹ പി.സി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ സമനിലയില്‍ പിരിഞ്ഞ് അത്ലറ്റികോ മാഡ്രിഡും ആഴ്‌സണലും. അത്ലെറ്റിയുടെ തട്ടകമായ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആഴ്സണല്‍ ലീഡ് നേടിയിരുന്നു. ഗോള്‍ നേടി ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചത് വിക്ടര്‍ ഗ്യോക്കെറസാണ്. 44ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ജൂലിയൻ അൽവാരസ്. Photo: Atletico Universe/x.com

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത്ലെറ്റിയും തിരിച്ചടിച്ചു. ഈ ഗോളും പെനാല്‍റ്റിയിലൂടെ തന്നെയാണ് പിറന്നത്. ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ സ്‌കോറര്‍. 57ാം മിനിട്ടിലാണ് സ്പാനിഷ് ക്ലബ്ബിന്റെ സമനില ഗോള്‍ വലയിലെത്തിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ കൂടി ഗോള്‍ നേടിയതോടെ അല്‍വാരസ് ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ നേട്ടം 25 ആക്കി ഉയര്‍ത്തി. ഇതിനൊപ്പം തന്നെ ഒരു നേട്ടവും അര്‍ജന്റൈന്‍ താരം സ്വന്തമാക്കി. യു.സി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 25 ഗോള്‍ നേടുന്ന സൗത്ത് അമേരിക്കന്‍ താരമെന്ന നേട്ടമാണ് ഫോര്‍വേഡ് തന്റെ പേരില്‍ എഴുതി ചേര്‍ത്തത്.

41 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയതാണ് അല്‍വാരസ് 25 ഗോളുകള്‍ എതിരാളികളുടെ വലയിലേക്ക് അടിച്ച് കയറ്റിയത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്നാണ് താരം ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്. മെസി 25 യു.സി.എല്‍ ഗോളുകള്‍ പൂര്‍ത്തിയാക്കിയത് 42 മത്സരങ്ങളില്‍ കളിച്ചാണ്.

ലയണൽ മെസി.

അതേസമയം, മത്സരത്തില്‍ 4- 4 – 2 ഫോര്‍മേഷനില്‍ അത്ലെറ്റി ഇറങ്ങിയപ്പോള്‍ ഗണ്ണേഴ്സ് താരങ്ങളെ വിന്യസിച്ചത് 4- 3- 3 ഫോര്‍മേഷനിലാണ്. അത്ലെറ്റി 14 ഷോട്ടുകള്‍ എടുത്തപ്പോള്‍ അതില്‍ അഞ്ചെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു. മറുവശത്ത് രണ്ട് ഷോട്ട് ഓണ്‍ ടാര്‍ഗറ്റടക്കം എട്ട് തവണയാണ് പന്ത് എതിരാളികളുടെ ലക്ഷ്യമാക്കി തൊടുത്തത്.

ആഴ്‌സണലും അത്ലറ്റികോ മാഡ്രിഡും മെയ് ആറിന് രണ്ടാം പാദ സെമി ഫൈനലില്‍ പരസ്പരം പോരാടും. ഗണ്ണേഴ്‌സിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.

Content Highlight: Julian Alvarez became the fastest South American in Champions League history to score 25 goals by surpassing Lionel Messi

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more