| Saturday, 22nd August 2026, 8:20 pm

ജഡ്ജിമാര്‍ ദൈവങ്ങളല്ല, എല്ലാ വിധി ന്യായങ്ങളും ശരിയാകണമെന്നില്ല; ജസ്റ്റിസ് സഞ്ജയ് കരോള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ജഡ്ജിമാര്‍ ദൈവങ്ങളെല്ലെന്നും അവരുടെ എല്ലാ വിധിന്യായങ്ങളും ശരിയാവില്ലെന്നും സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്ജയ് കരോള്‍. ശനിയാഴ്ച തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ വിടവാങ്ങല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം നിയമപരമായ രേഖകള്‍ക്കപ്പുറം ഓരോ വിധിയും സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാന്‍ ജഡ്ജിമാര്‍ സഹാനുഭൂതി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘നിയമം ശരിയായി പ്രയോഗിക്കാന്‍ മാത്രമല്ല അത് നീതിപൂര്‍വമായി പ്രയോഗിക്കാന്‍ കൂടിയാണ് ഭരണഘടന നമ്മോട് ആവശ്യപ്പെടുന്നത്. ജഡ്ജിമാരായ നമ്മള്‍ ദൈവങ്ങളല്ല. എല്ലാ വിധികളും എപ്പോഴും ശരിയായി കൊള്ളണമെന്നില്ല,’ അദ്ദേഹം പറഞ്ഞു. ഒരു കേസ് പരിഗണിക്കുമ്പോള്‍ വ്യക്തിയെ മാത്രമല്ല ഹരജിക്കാരനെയും കാണണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

‘ഒരു ഹരജിക്ക് കേസിന്റെ വസ്തുതകള്‍ മാത്രമേ നിങ്ങളോട് പറയാന്‍ കഴിയൂ. ആ വ്യക്തിക്ക് ഇതിനകം എന്താണ് നഷ്ടപ്പെട്ടതെന്നോ കോടതികളില്‍ നിന്ന് അയാള്‍ എന്താണ് പ്രതിക്ഷിക്കുന്നതെന്നോ പറയാന്‍ കഴിയില്ല. അതിനാല്‍ വിധി പ്രസ്താവിക്കുമ്പോള്‍ സഹാനുഭൂതിയുള്ളവരാവേണ്ടതുണ്ട്,’ ജസ്റ്റിസ് കരോള്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് ജീവനുള്ള ഒരു ഭരണഘടനയുണ്ടെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജി വസ്ത്രം ധരിക്കുന്നതിന് മുമ്പും ശേഷവും ജഡ്ജിയാണെന്നും തനിക്ക് അഭിഭാഷക ജീവിതം വെറുമൊരു തൊഴിലായിരുന്നില്ലെന്നും കരോള്‍ പറഞ്ഞു.

1961 ഓഗസ്റ്റ് 23 ന് ജനിച്ച ജസ്റ്റിസ് കരോള്‍ ഷിംലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 1996ലായിരുന്നു അദ്ദേഹം സുപ്രീം കോടതിയിലെത്തിയത്.

Content Highlight: Judges are not gods; not all judgments are necessarily correct: Justice Sanjay Karol.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more