| Sunday, 11th October 2026, 11:35 am

ജഡ്ജിമാരെ നിയമിക്കുന്നത് കൊളീജിയമല്ല, മോദി നേരിട്ട്: ജസ്റ്റിസ് കെ. ചന്ദ്രു; ജുഡീഷ്യൽ നിയമനങ്ങളിലെ സുതാര്യതക്കുറവ് ചർച്ചയാക്കി സെമിനാർ

ശ്രീലക്ഷ്മി പി.പി

ചെന്നൈ: രാജ്യത്തെ സുപ്രീം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാരെ ഫലത്തിൽ നിയമിക്കുന്നത് കൊളീജിയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണെന്നും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു.

സുതാര്യതയില്ലാത്ത കൊളീജിയം രീതി ഭരണഘടന വിഭാവനം ചെയ്തതല്ലെന്നും ഇത് മുതലെടുത്ത് എക്സിക്യൂട്ടീവ് തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം സംഘടിപ്പിച്ച ‘ഹൂ വിൽ ജഡ്ജ് ദ ജഡ്ജസ്’ എന്ന വിഷയത്തിലെ പ്രത്യേക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിൽ കൂടുതൽ സുതാര്യത അനിവാര്യമാണെന്നും സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും സെമിനാറിൽ പങ്കെടുത്ത മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും ആവശ്യപ്പെട്ടു.

2014-ൽ അധികാരത്തിൽ വന്ന ശേഷം മോദി സർക്കാർ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി.

എന്നാൽ, അതിനുശേഷം സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും എല്ലാ ജഡ്ജിമാരെയും കൊളീജിയമല്ല, മറിച്ച് മോദി തന്നെയാണ് നേരിട്ട് നിയമിക്കുന്നത്. കമ്മീഷനേക്കാൾ ലാഭകരവും സൗകര്യപ്രദവുമായ മറ്റ് വഴികൾ കേന്ദ്ര സർക്കാർ കണ്ടെത്തിയതിനാലാണ് പിന്നീട് എൻ.ജെ.എ.സി പുനരുജ്ജീവിപ്പിക്കാൻ യാതൊരു ശ്രമവും നടത്താത്തത്. സർക്കാരിന് ഹിതകരമായ പേരുകൾ മാത്രം അംഗീകരിക്കുകയും അല്ലാത്തവ അനിശ്ചിതമായി മാറ്റിവെക്കുകയും ചെയ്യുന്നതിലൂടെ നിയമനങ്ങളുടെ പൂർണ നിയന്ത്രണം കേന്ദ്ര ഭരണകൂടം കൈക്കലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കൊളീജിയം പ്രക്രിയയ്ക്ക് യാതൊരു സുതാര്യതയുമില്ലെന്നും ഇന്ത്യൻ ഭരണഘടന ഇത്തരമൊരു സംവിധാനത്തെ ഒരിടത്തും അംഗീകരിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.

സുപ്രീം കോടതിയിൽ 38 ജഡ്ജിമാരും വിവിധ ഹൈക്കോടതികളിലായി ആയിരത്തോളം ജഡ്ജിമാരുമുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ആരും അറിയാതെ ഭരണഘടനയിൽ പരാമർശമില്ലാത്ത ഈ കൊളീജിയം വഴിയാണ് നിയമനങ്ങൾ നടത്തുന്നത്. ഈ രാജ്യത്ത് ഇന്നോളം സൂക്ഷിച്ചിട്ടുള്ള ഏറ്റവും വലിയ രഹസ്യ ഇടപാടാണ് കൊളീജിയം സമ്പ്രദായം. ലോകത്തെ മറ്റൊരു ജനാധിപത്യ രാജ്യത്തും ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന വിചിത്രമായ രീതി നിലവിലില്ലെന്നും, ഈ സമ്പ്രദായം എക്സിക്യൂട്ടീവിന് സമ്മർദം ചെലുത്താൻ വളഞ്ഞ വഴികൾ തുറന്നുനൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

മുൻപത്തെ വിവാദ പ്രസംഗങ്ങളെച്ചൊല്ലി ആക്ഷേപങ്ങളുണ്ടായിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ഒരാളെ നിയമിച്ചതും, അതേസമയം പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ മറ്റൊരാളുടെ ശുപാർശ കേന്ദ്രം പരിഗണിക്കാതിരുന്നതും ചർച്ചയിൽ ഗുരുതര ആശങ്കയായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊളീജിയം ശുപാർശ ചെയ്ത ജഡ്ജി നിയമനങ്ങൾക്ക് കേന്ദ്ര സർക്കാർ ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ മുൻ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ, ശുപാർശയ്ക്ക് മുൻപുതന്നെ ഭരണകൂടം ഇതിന് മുൻകൂർ അനുമതി നൽകിയിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു. കൊളീജിയത്തിന്റെ ശുപാർശകൾ കേന്ദ്രം അവഗണിക്കുമ്പോൾ അതിനെ പരസ്യമായി ചോദ്യം ചെയ്യാൻ കൊളീജിയം തയ്യാറാകാത്തതിനെ അദ്ദേഹം വിമർശിച്ചു. 2014-ന് ശേഷം ജുഡീഷ്യൽ നിയമനങ്ങളിലെ ഭരണകൂട ഇടപെടൽ കൂടുതൽ തീവ്രമായെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാർക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികൾ പരാജയപ്പെടുന്നതിനെക്കുറിച്ച് സംസാരിച്ച മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ, രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും നടപടിക്രമങ്ങളിലെ കാലതാമസവും ജുഡീഷ്യറിയുടെ ഉത്തരവാദിത്തത്തെ തകിടം മറിച്ചുവെന്ന് ചൂണ്ടിക്കാട്ടി.

പെരുമാറ്റദൂഷ്യ പരാതികൾ കൃത്യമായി അന്വേഷിക്കാൻ വിപുലമായ പ്രാതിനിധ്യമുള്ള ജുഡീഷ്യൽ അച്ചടക്ക കമ്മീഷൻ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിൽ സാമൂഹിക വൈവിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കാത്തതിലെ പോരായ്മകൾ മുതിർന്ന അഭിഭാഷക ആർ. വൈഗൈ ചൂണ്ടിക്കാട്ടി.

വിധിപ്രസ്താവം എന്നത് വെറും നിയമജ്ഞാനം മാത്രമല്ലെന്നും കക്ഷികളുടെ വാദങ്ങൾ ക്ഷമയോടെ കേൾക്കാനും മുൻവിധികളെ ചോദ്യം ചെയ്യാനും തർക്കങ്ങൾക്ക് പിന്നിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ മനസിലാക്കാനും ജഡ്ജിമാർക്ക് കഴിയണമെന്ന് ജസ്റ്റിസ് കെ. കണ്ണൻ വ്യക്തമാക്കി.

ജുഡീഷ്യൽ ഉത്തരവാദിത്തവും സ്വാതന്ത്ര്യവും പരസ്പരപൂരകങ്ങളാണെന്നും ഉത്തരവാദിത്ത നടപടികൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന വാദം തെറ്റാണെന്നും മുതിർന്ന അഭിഭാഷകൻ കാളീശ്വരം രാജ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താൻ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തോടുകൂടിയ സുതാര്യമായ നിയമന സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight:Judges are appointed directly by Modi, not the Collegium: Justice K. Chandru; seminar highlights lack of transparency in judicial appointments.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more