| Sunday, 12th July 2026, 2:02 pm

മറഡോണക്ക് ശേഷം രണ്ടാമൻ; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി ജൂഡ്

സുദേവ് എ

2026 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇംഗ്ലണ്ട്. ക്വാർട്ടറിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കുതിച്ചത്. മയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോൾ മികവിലാണ് ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലാക്കിയത്.

പ്രീ ക്വാർട്ടറിൽ മെക്സിക്കോക്കെതിരെയും ജൂഡ് ഇരട്ട ഗോൾ നേടി തിളങ്ങിയിരുന്നു. ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒരു വമ്പൻ നേട്ടമാണ് ഇംഗ്ലണ്ട് യുവതാരം സ്വന്തമാക്കിയത്.

അർജന്റൈൻ ഇതിഹാസം ഡീഗോ മറഡോണക്ക് ശേഷം ലോകകപ്പിൽ തുടർച്ചയായ രണ്ട് നോക്ക് ഔട്ട് മത്സരങ്ങളിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ താരമായാണ് ജൂഡ് മാറിയത്. ഈ ലോകകപ്പിൽ ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം കുതിക്കുന്നത് നാല് തവണ മത്സരത്തിലെ താരമായും ജൂഡ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം മത്സരത്തിൽ നോർവേയാണ് ആദ്യം ലീഡ് നേടിയത്. മത്സരം തുടങ്ങി 36 മിനിറ്റുകൾ പിന്നിട്ടപ്പോൾ ആൻഡ്രിയാസ് ഷ്ജെൽഡെറപ്പാണ് വൈക്കിങ്സിനായി ലക്ഷ്യം കണ്ടത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജൂഡ് ഇംഗ്ലണ്ടിനായി സമനില ഗോൾ സ്വന്തമാക്കി.

പിന്നീട് നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്തിന്റെ തുടക്കത്തിൽ തന്നെ ജൂഡ് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടുകയായിരുന്നു.

ജൂലൈ 16നാണ് ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് ത്രീ ലയൺസിന്റെ എതിരാളികൾ. ചരിത്രത്തിലെ നാലാം സെമി ഫൈനൽ പോരാട്ടത്തിലാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. 1966, 1990, 2018 എന്നീ വർഷങ്ങളിലായിരുന്നു ഇതിനുമുമ്പ് ഇംഗ്ലണ്ട് സെമി കളിച്ചത്.

1966ൽ കിരീടം നേടിയതിന് ശേഷം ഒരിക്കൽ പോലും ലോകകപ്പ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. നീണ്ട 60 വർഷങ്ങൾക്ക് ശേഷം ചരിത്രത്തിലെ രണ്ടാം ലോക കിരീടമായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക.

മറുഭാഗത്ത് കിരീടം നിലനിർത്തുക എന്ന വലിയ ലക്ഷ്യവുമായിട്ടായിരിക്കും ലയണൽ മെസിയും സംഘവും ലക്ഷ്യം വെക്കുക.

Content Highlight: Jude Bellingham create a huge record in FIFA world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more