| Saturday, 1st August 2026, 12:51 pm

'ബെല്ലിങ്ഹാമിന്റെ ബര്‍മിംങ്ഹാം' ബാഴ്‌സയുടെ തോല്‍വിയില്‍ കയ്യടിച്ച് റയല്‍ താരം

സുദേവ് എ

പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തോല്‍വി. ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പ് ടീമായ ബര്‍മിങ്ഹാം സിറ്റി എഫ്.സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് കറ്റാലന്‍ പട പരാജയപ്പെടുത്തിയത്. പെനാല്‍റ്റിയില്‍ 3-2നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം.

മത്സരം തുടങ്ങി 31ാം മിനിട്ടില്‍ ഓഗസ്റ്റ് പ്രിസ്‌കെ ഫ്‌ലൈഗര്‍ ബര്‍മിങ്ഹാം സിറ്റിക്കായി ആദ്യം ലീഡ് നേടി. എന്നാല്‍ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഹംസ അബ്ദുല്‍ കരീമിലൂടെ ബാഴ്‌സ സമനില പിടിച്ചു. ബാഴ്‌സക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം.

രണ്ടാം പകുതിയില്‍ 60ാം മിനിട്ടില്‍ താരം രണ്ടാം ഗോളും നേടി ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാല്‍ എട്ട് മിനിട്ടുകള്‍ മാത്രമേ എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചത്. 68ാം മിനിട്ടില്‍ ജോണ്‍ സോളിസിലൂടെ ബര്‍മിങ്ഹാം സമനില പിടിച്ചു.

ഒടുവില്‍ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനില പാലിച്ചു. ഒടുവില്‍ മത്സരം പെനാല്‍റ്റി വിധിയെഴുതിയപ്പോള്‍ ഇംഗ്ലീഷ് ടീം 3-2 ജയിച്ചുകയറുകയായിരുന്നു.

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാമിന്റെ സാന്നിധ്യം മത്സരത്തെ കൂടുതല്‍ ആവേശകരമാക്കി. ജൂഡിന്റെ ബാല്യകാല ക്ലബ്ബായ ബര്‍മിങ്ഹാമിനായി ഗാലറിയില്‍ കയ്യടിച്ചു സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണുണ്ടാക്കിയത്.

സ്പാനിഷ് ലീഗില്‍ റയലിന്റെ ചിരവൈരികളായ ബാഴ്‌സയുടെ തോല്‍വി ലോസ് ബ്ലാങ്കോസ് താരമായ ജൂഡ് ആഘോഷിച്ചത് ആരാധകരും ഏറ്റെടുത്തു.

അതേസമയം ലാ ലീഗ പുതിയ സീസണ് ഓഗസ്റ്റ് 15നാണ് തുടക്കമാവുന്നത്. ഹാന്‍സി ഫ്‌ലിക്കിന്റെ സംഘം സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത് ഓഗസ്റ്റ് 24നാണ് എല്‍ച്ചെയാണ് ബാഴ്‌സയുടെ എതിരാളികള്‍. ഈ മത്സരത്തിന് മുന്നോടിയായി ബാഴ്‌സലോണ രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി കളിക്കും.

Content Highlight: Jude Bellingham celebrate Barcelona defeat against Birmingham city fc

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more