മലയാള സിനിമ സംവിധായകരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ഒട്ടനവധി പേരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത സംവിധായകന്‍ 2018 എന്ന ചത്രത്തിലൂടെയാണ് തന്റെ പൊട്ടന്‍ഷ്യല്‍ സിനിമാ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി നല്‍കുന്നത്.
കേരളത്തിലെ പ്രളയത്തിന്റെ കഥ പറഞ്ഞ സര്‍വൈവര്‍ ത്രില്ലര്‍ ചിത്രം 200 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ചിത്രമാണ് തുടക്കം.
ജൂഡ് ആന്തണി. Photo: India Today
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിലെത്തിയ ചിത്രം ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. തുടക്കവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സിനിമയെ കുറിച്ച സംസാരിക്കുകയാണ് ജൂഡ്.
കാതൽ സിനിമയിൽ മമ്മൂട്ടിയാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആദ്യം ആശങ്ക തോന്നിയിരുന്നു എന്ന് ജൂഡ് പറയുന്നു. സംവിധായകന്റെ വളരെ ധീരമായൊരു ചുവടുവെപ്പായിരുന്നു ആ സിനിമ എന്നും, തനിക്ക് ആ സിനിമ ചെയ്യാൻ അവസരം വന്നാൽ താൻ രണ്ടാമതൊന്നു ആലോചിക്കും എന്നും ജൂഡ് വ്യക്തമാക്കി.
കാതൽ. Photo: IMDb
‘കാതൽ സിനിമയെക്കുറിച്ച് കേട്ടപ്പോൾ, മമ്മൂട്ടി സർ ആ കഥാപാത്രം ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും പേടിയായിരുന്നു. അത് എങ്ങനെ വരും എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ പടം വളരെ നന്നായി വന്നു. അത് സംവിധായകന്റെ ഭാഗത്ത് നിന്നുള്ള വളരെ ധീരമായ ഒരു ചുവടുവെപ്പായിരുന്നു.
ഇത്തരം ഒരു വിഷയം എന്റെ അടുത്ത് വരികയാണെങ്കിൽ, ഞാൻ അത് ചെയ്യാൻ ഒന്നുകൂടി ആലോചിക്കും. ഞാൻ അത് തീർച്ചയായും ചെയ്യും, പക്ഷേ ഇത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ടതാണോ അതോ ഓ.ടി.ടി മതിയോ, അതോ സ്ക്രിപ്റ്റിൽ കുറച്ചുകൂടി കൊമേഴ്ഷ്യൽ എലമെന്റ്സ് കൂട്ടണോ എന്നൊക്കെ രണ്ടുതവണ ചിന്തിക്കും. അങ്ങനെയുള്ള സിനിമകൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്, പക്ഷേ ഞാൻ അത് നിർമ്മിക്കുമോ അല്ലെങ്കിൽ ചെയ്യുമോ എന്ന് ഉറപ്പില്ല,’ ജൂഡ് ആന്തണി പറയുന്നു.
Content Highlight:Jude Anthany talks about Mammootty character in kathal movie