മലയാളത്തിലെ സംവിധായകരില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ഒട്ടനവധി പേരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത സംവിധായകന്‍ 2018 എന്ന ചത്രത്തിലൂടെയാണ് തന്റെ പൊട്ടന്‍ഷ്യല്‍ സിനിമാ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി നല്‍കുന്നത്. കേരളത്തിലെ പ്രളയത്തിന്റെ കഥ പറഞ്ഞ സര്‍വൈവര്‍ ത്രില്ലര്‍ ചിത്രം 200 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്ത് തിയേറ്ററുകൡലെത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് തുടക്കം.
Photo: District
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിലെത്തിയ ചിത്രം ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. തുടക്കവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഓണ്‍ലൈന്‍ റിവ്യൂസിനെ കുറിച്ചും ഇത് എങ്ങനെയാണ് പുതുമുഖ സംവിധായകരെയും അഭിനേതാക്കളെയും ബാധിക്കുന്നതെന്നും പറയുകയാണ് ജൂഡ്. തന്റെ ചത്രത്തെ കുറിച്ചുളള ആത്മവിശ്വാസവും ജൂഡ് അഭിമുഖത്തില്‍ പ്രകടിപ്പിച്ചു.
‘റിവ്യൂവേഴ്‌സ് ഫിലിം ഇന്‍ഡസ്ട്രിയെ ദോഷകരമായ രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. ആ ഒരൊറ്റ കാര്യത്തില്‍ മാത്രമാണ് എനിക്ക് അവരോട് യോജിച്ച് പോകാന്‍ സാധിക്കാത്തത്. സിനിമയെ റിവ്യൂ ചെയ്യുന്നതിലും അവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ കുറ്റം പറയുന്നതിലും തെറ്റില്ല. പക്ഷ പലപ്പോഴും അവര്‍ അതിനെ തെറ്റായ രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. ഉദാഹരണത്തിന് ആദ്യമായി ആരെങ്കിലും സംവിധാനം ചെയ്യുന്നുണ്ടെന്ന് കരുതുക. പക്ഷേ റിവ്യൂ ചെയ്യുന്നവര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ സംവിധായകന്‍ നിര്‍മാതാവിന്റെ പണമെല്ലാം കളഞ്ഞു എന്നാണ് വിളിച്ച് പറയുക.
അത് വളരെ ക്രൂരമായ കാര്യമാണ്. സിനിമ നന്നായില്ലെന്നും അടുത്ത ചിത്രത്തില്‍ ശ്രമിക്കാമെന്നും പറഞ്ഞാല്‍ ആ അരങ്ങേറ്റ സംവിധായകന് ഒരുപാട് ഗുണം ചെയ്യും. തുടക്കത്തിന്റെ റിവ്യൂ എന്താണ് വരാന്‍ പോകുന്നതെന്ന് എനിക്കറിയാം പക്ഷേ ബോക്‌സ് ഓഫിസില്‍ ചിത്രം നന്നായി പെര്‍ഫോം ചെയ്യും,’ ജൂഡ് പറഞ്ഞു.
Photo: Hindustan Times
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അണിനിരന്ന വലിയ ഇവന്റിലായിരുന്നു ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും ജൂഡ് ആന്തണി ജോസഫും പങ്കെടുത്ത ചടങ്ങില്‍ ഇരുവരും ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Jude Anthony talks about online reviewers and how it affects directors and actors