| Monday, 3rd August 2026, 4:50 pm

'2018'ന് ശേഷം കേരള തീരത്ത് നിന്ന് കാണാതായ കപ്പലിന്റെ കഥ പ്ലാനിങ്ങിലുണ്ടായിരുന്നു: ജൂഡ് ആന്തണി ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. പിന്നീട് മുത്തശ്ശി ഗദ, സാറാസ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്ത ജൂഡ് ശ്രദ്ധിക്കപ്പെടുന്നത് 2023ല്‍ പുറത്തിറങ്ങിയ 2018 എന്ന സര്‍വൈവര്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ്. ബോക്‌സ് ഓഫീസില്‍ നിന്നും 200 കോടിയിലധികം സ്വന്തമാക്കിയ ചിത്രം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ജൂഡിന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്ക് ഇടയിലേക്ക് സ്ഥാനം നേടി നല്‍കുകയും ചെയ്തിരുന്നു.

2018ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമേതായിരിക്കും എന്നറിയാനുള്ള ആകാംക്ഷയില്‍ ഇരുന്ന പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായി കൊണ്ടാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിനെ നായികയാക്കി കൊണ്ട് ജൂഡ് സിനിമ സംവിധാനം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഗസ്റ്റ് 7നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ റോളിലെത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്നു താരത്തിന്റെ ആരാധകര്‍.

ജൂഡ് ആന്തണി ജോസഫ്. Photo: IMDB

2018 ന് ശേഷം തുടക്കം എന്ന ചിത്രത്തിലേക്കെത്തിയതിനെ കുറിച്ചും തന്റെ മറ്റ് സിനിമാ പദ്ധതികളെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ്മാന്‍ ഖുറാനക്കൊപ്പവും ശിവകാര്‍ത്തികേയനൊപ്പവും ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നതിനെ കുറിച്ച് സംവിധായകന്‍ സംസാരിച്ചത്.

‘തുടക്കം എന്റെ പദ്ധതിയിലുള്ള ചിത്രമായിരുന്നില്ല. 2018 പോലെ ഒരു ചി

ത്രമായിരുന്നു എന്റെ പ്ലാനിങ്ങിലുളളത്. ഉദാഹരണത്തിന് 1979ല്‍ കാണാതായ എം.വി കൈരളിയുടെ കഥ എന്റെ പ്ലാനിങ്ങിലുണ്ടായിരുന്നു. ആ തിരക്കഥയുടെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ആ കഥയുടെയും പണിപ്പുരയിലായിരുന്നു.

ആയുഷ്മാന്‍ ഖുറാന, ശിവകാര്‍ത്തികേയന്‍. Photo: X.com

ഇത് രണ്ടും കൂടാതെ ശിവകാര്‍ത്തികേയനൊപ്പം തമിഴിലും ഒരു പ്രൊജക്ട് പ്ലാനിങ്ങിലുണ്ടായിരുന്നു. പിന്നീടാണ് ഞാന്‍ സിനിമ ചെയ്യേണ്ട രീതി ഇതല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നത്. 2018ന് മുമ്പ് ഞാന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതും അത് ഷൂട്ട് ചെയ്യും, പിന്നീട് അത് റിലീസ് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ ഔട്ട് പുട്ടുകള്‍ ആസ്വദിക്കും. ഇതെല്ലാം കഴിഞ്ഞ് മൂന്ന് നാല് മാസം കഴിഞ്ഞിട്ടാണ് ഞാന്‍ അടുത്ത പ്രൊജക്ടിനെ കുറിച്ച് ആലോചിക്കുക,’ ജൂഡ് പറയുന്നു.

പക്ഷേ 2018ന് ശേഷം തനിക്ക് ഒരുപാട് കോളുകളും സിനിമകളും ചെയ്യാനുള്ള ഓപ്ഷനുകള്‍ ലഭിച്ചുവെന്നും അതിന്റെ ഭാഗമായി ഒരേ സമയം ഒന്നിലധികം ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് ചിത്രം ചെയ്യണമെന്ന ആശയകുഴപ്പത്തിലായിരുന്നു താനെന്നും അങ്ങനെയാണ് തുടക്കം എന്ന ചിത്രത്തിലേക്കെത്തിയതെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Jude Anthony Joseph Talks about his projects planned after 2018 movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more