| Friday, 21st August 2026, 6:57 pm

പൊളിച്ചു മുത്തേ, നിന്നെ ആലോചിച്ച് സന്തോഷവാനാണ്; ബെത്‌ലഹേമിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ നിവിന് അഭിനന്ദനവുമായി ജൂഡ് ആന്തണി

അശ്വിന്‍ രാജേന്ദ്രന്‍

കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ഗിരീഷ് എ.ഡിയില്‍ നിന്നും ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന മറ്റൊരു ചിത്രം കൂടെ ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍. 2024ല്‍ പുറത്തിറങ്ങി വലിയ ഹിറ്റടിച്ച പ്രേമലുവിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ചേര്‍ന്നപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ മറ്റൊരു മികച്ച റോം-കോം ഴോണര്‍ ചിത്രമാണ് മലയാളത്തിന് ലഭിച്ചതെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

Photo: District

ഓണം ക്ലാഷ് റിലീസില്‍ പൃഥ്വിരാജ് ചിത്രം ഖലീഫയ്‌ക്കൊപ്പമെത്തിയ ബെത്‌ലഹേമിന് വലിയ രീതിയിലുള്ള പോസിറ്റീവ് റിവ്യൂസാണ് ലഭിക്കുന്നത്. നിവിന്‍ തന്റെ സേഫ് സോണായ റോം-കോമിലൂടെ സര്‍വ്വം മായക്ക് പിന്നാലെ മറ്റൊരു വമ്പന്‍ ഹിറ്റിനാണ് ബോക്‌സ് ഓഫീസില്‍ കളമൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് പിന്നാലെ നിവിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പൊളിച്ചു മുത്തേ നിന്നെ ആലോചിച്ച് ഒരുപാട് സന്തോഷവാനാണ് താനെന്നുമാണ് നിവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിവിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായ ഓം ശാന്തി ഓശാന സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. നസ്രിയയും നിവിനും പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓശാന ഇന്നും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്.

ഓം ശാന്തി ഓശാനയിലെ പോലെ ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയുള്ള കഥയാണ് ബെത്‌ലഹേമിലും സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മമിത ബൈജുവും നിവിന്‍ പോളിയും തമ്മിലുള്ള കോമ്പിനേഷനും മികച്ച രീതിയില്‍ തന്നെ വന്നിട്ടുണ്ടെന്നാണ് ഫസ്റ്റ് റെസ്‌പോണ്‍സുകള്‍ സൂചിപ്പിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Jude Anthony Joseph express his happiness to Nivin Pauly after bethlehem Kudumba unit gets good response

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more