2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് തുടക്കം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും തുടക്കത്തിനുണ്ട്. ഫാമിലി ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാല്‍ എക്‌സ്റ്റന്‍ഡഡ് കാമിയോയായി പ്രത്യക്ഷപ്പെടുന്നുണ്ട്. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് അന്തംവിട്ടിട്ടുണ്ടായിരുന്നെന്നും പറയുകയാണ് ജൂഡ് ആന്തണി ജോസഫ്. ഈ സിനിമയിലേക്ക് മോഹന്‍ലാല്‍ എത്തിയത് വളരെ യാദൃശ്ചികമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ സമയത്താണ് ഈ സിനിമയുടെ കഥ താന്‍ കേട്ടതെന്നും ആ സമയത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നെന്നും ജൂഡ് പറയുന്നു. വിസ്മയോടും ആശീര്‍വാദിനോടും കഥ പറഞ്ഞ ഫൈനലൈസ് ചെയ്ത ശേഷമാണ് മോഹന്‍ലാല്‍ ഈ കഥ കേട്ടതെന്നും അദ്ദേഹം അപ്പോള്‍ ഒരു ചോദ്യം ചോദിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ജൂഡ് ആന്തണി.
‘ഈ സ്‌ക്രിപ്റ്റില്‍ ആദ്യം ലാല്‍ സാര്‍ ഉണ്ടായിരുന്നില്ല. കഥ മുഴുവന്‍ കേട്ട ശേഷം ‘ഇതില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും വേഷമുണ്ടോ’ എന്ന് ചോദിച്ചു. അദ്ദേഹത്തിന് ചെയ്യാനുള്ള റോള്‍ സത്യം പറഞ്ഞാല്‍ ഇല്ലായിരുന്നു. പിന്നീട് സ്‌ക്രിപ്റ്റില്‍ റീവര്‍ക്ക് ചെയ്തിട്ടാണ് ലാല്‍ സാറിന്റെ കഥാപാത്രത്തെ കൊണ്ടുവന്നത്. കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു.
ലാല്‍ സാറിനെപ്പോലൊരു സൂപ്പര്‍സ്റ്റാര്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചത് എനിക്ക് ശരിക്കും സര്‍പ്രൈസായി. അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ സിനിമയിലെ റോള്‍ എന്ന് പറയാം. ഇതൊരു ചെറിയ സിനിമയായിട്ടാണ് ഒരുക്കിയത്. ഒരു ഫാമിലി ചിത്രത്തിലേക്ക് കുറച്ച് ആക്ഷന്‍ പരിപാടി കൊണ്ടുവന്നിട്ടുണ്ടെന്ന് മാത്രം,’ ജൂഡ് ആന്തണി ജോസഫ് പറയുന്നു.
2018ന് ശേഷം നാല് വര്‍ഷത്തോളം പല സിനിമകളും ഡിസ്‌കസ് ചെയ്തിരുന്നെന്നും എല്ലാം വലിയ പ്രൊജക്ടുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആദ്യത്തെ കപ്പലായ എം.വി കൈരളിയുടെ കഥയടക്കം പല പ്രൊജക്ടുകളും പ്ലാനിങ്ങിലുണ്ടായിരുന്നെന്നും അതില്‍ നിന്ന് മാറിയാണ് താന്‍ തുടക്കം ചെയ്തതെന്നും ജൂഡ് പറയുന്നു.
Content Highlight: Jude Anthony Joseph explains how Mohanlal became a part of Thudakkam movie