സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018ലൂടെ ഇന്‍ഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ നായികയാക്കി ഒരുക്കുന്ന തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
2018ന് ശേഷം നാല് വര്‍ഷത്തോളം ഗ്യാപ്പെടുത്തിട്ടാണ് ജൂഡ് അടുത്ത സിനിമയുമായി എത്തിയത്. ഇക്കാലയളവില്‍ വേറെയും സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചെന്നും അതെല്ലാം ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡില്‍ നിന്നടക്കം തനിക്ക് ഓഫര്‍ വന്നിരുന്നെന്നും ജൂഡ് പറയുന്നു.
ബോളിവുഡില്‍ ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി ഒരു പ്രൊജക്ട് തന്റെ മനസില്‍ ഉണ്ടായിരുന്നെന്നും അതിന്റെ സ്‌ക്രിപ്‌റ്റെല്ലാം ഡിസ്‌കസ് ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ വലിയൊരു പ്രൊഡക്ഷന്‍ ഹൗസായിരുന്നു അത് നിര്‍മിക്കാന്‍ നിന്നതെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും ജൂഡ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ജൂഡ് ആന്തണി ജോസഫ്.
‘ആ കഥയുടെ ഏകദേശ സ്‌ക്രിപ്റ്റ് കംപ്ലീറ്റായതായിരുന്നു. പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു. ഇംപോര്‍ട്ടന്റായിട്ടുള്ള റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍. പക്ഷേ, സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയിട്ട് വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു.
സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്. അപ്പോള്‍ അവര്‍ പറഞ്ഞത് ‘ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ’ എന്നാണ് അവര്‍ പറഞ്ഞത്. ഒന്ന് ആലോചിച്ച് നോക്കിക്കേ, ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ഡറി ആര്‍ട്ടിസ്‌റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി.
ഇ-മെയിലിലൂടെയായിരുന്നു ഈ കോണ്‍വര്‍സേഷന്‍. അവര്‍ ഒരു മെയില്‍ ഇങ്ങോട്ടയക്കും, ഞാനൊരെണ്ണം തിരിച്ചയക്കും. അങ്ങനെ എന്റെ ലോയറിനെ കൂടെക്കൂട്ടിയാണ് അതില്‍ നിന്ന് പിന്മാറിയത്. അവസാനം അവരെക്കൊണ്ട് ഒരു നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെപ്പിച്ചു,’ ജുഡ് ആന്തണി ജോസഫ് പറയുന്നു.
അതേസമയം മികച്ച റിപ്പോര്‍ട്ടുകളാണ് തുടക്കത്തിന് ലഭിക്കുന്നത്. വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ഗംഭീര പ്രകടനമാണ് ആശിഷ് കാഴ്ചവെച്ചത്. ഇവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ അതിഥിവേഷം കൂടിയായപ്പോള്‍ തുടക്കം ഗംഭീരമായന്നൊണ് പലരുടെയും അഭിപ്രായം.
Content Highlight: Jude Anthony Joseph about his Bollywood project with Mohanlal