മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒട്ടനവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. 2014ല്‍ പുറത്തിറങ്ങി ഹിറ്റടിച്ച നിവിന്‍ പോളി ചിത്രം ഓം ശാന്തി ഓശാനയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജൂഡ് ആന്തണി ജോസഫ് മലയാളത്തില്‍ നിന്നും ഇരുനൂറ് കോടി നേടിയ ചിത്രമായ 2018ലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകത തുടക്കത്തിനുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ആഗസ്റ്റ് ഏഴിനാണ് തുടക്കം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ മോഹന്‍ലാലിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ജൂഡ് ആന്തണി ജോസഫ്. Photo: Onmanorama
‘ചെന്നൈയില്‍ വെച്ചാണ് മായയെ കണ്ട് ചിത്രത്തിന്റെ കഥ പറഞ്ഞത്. സിംപിള്‍ ആയ പാവം പെണ്‍കുട്ടിയാണ്. എന്റെ ചിത്രനമായ ഓം ശാന്തി ഓശാനയുടെ കട്ട ഫാനാണ്. നസ്രിയയെ വിളിച്ച് എന്നെ കുറിച്ച് അന്വേഷിച്ചിരുന്നു. പെട്ടെന്ന് തന്നെ ഞങ്ങള്‍ കണക്ടായി. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമമൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. എന്റെ അനിയത്തിക്കുട്ടിയെ സംവിധാനം ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നിയത്.
ഷൂട്ട് തുടങ്ങി ഓരോ ഷോട്ടും കൂടുതല്‍ നന്നാക്കണം എന്ന വാശിയോടെയാണ് മായ അഭിനയിച്ചത്. സെറ്റില്‍ തമാശയെല്ലാം പറഞ്ഞ് ഓരോ ദിവസവും വളരെ സന്തോഷത്തോടെയാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്,’ ജൂഡ് പറയുന്നു.
Photo: Book My Show
ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും വേഷമിടുന്നുണ്ട്. വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ ആശിഷിനെ കൂടി അഭിനയിപ്പിക്കണമെന്നത് ആന്റണി ചേട്ടന്റെ ആഗ്രഹമായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. അഭിനയിപ്പിച്ച് നോക്കിയപ്പോള്‍ ഗംഭീരമായി ആശിഷ് അഭിനയിച്ചെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ തുടക്കത്തിലെ ഒരു കഥാപാത്രം ആശിഷിന് നല്‍കുകയായിരുന്നുവെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Jude Anthany Joseph talks about Vismaya Mohanlal