സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018 ലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി അദ്ദേഹം ഒരുക്കിയ തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തുടക്കം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് ജൂഡ് ആന്തണി ജോസഫ്.
തന്റെ കാഴ്ചപ്പാടിൽ ഒരു ആക്ഷൻ സിനിമ എന്ന് പറയുന്നത് കുറെ ആക്ഷനും അതിനിടയിൽ കുറച്ചു കഥയും പറയുന്ന രീതിയാണ്. എന്നാൽ തുടക്കം അത്തരത്തിലൊരു സിനിമയല്ല. ഒരു സിനിമയിൽ ചില സന്ദർഭങ്ങളിൽ അടി ആവശ്യമായി വരും, അത്തരമൊരു സന്ദർഭം തുടക്കത്തിലും ഉണ്ടെന്നല്ലാതെ ഈ സിനിമയെ ഒരു ആക്ഷൻ പടം എന്ന് വിളിക്കാൻ സാധിക്കില്ല എന്ന് ജൂഡ് ആന്തണി വ്യക്തമാക്കുന്നു.
ജൂഡ് ആന്തണി ജോസഫ്. Photo. Screen grab/ Youtube
‘തുടക്കം ഒരു ആക്ഷൻ സിനിമയല്ല, എന്നാൽ സിനിമയിൽ ആക്ഷനുണ്ട്. ചില സിനിമകളിൽ ചില സ്ഥലത്ത് ഒരു അടി വേണ്ടിവരും, അങ്ങനെ ഒന്നാണ് ഇതിലുമുള്ളത്. എന്റെയൊരു കാഴ്ചപ്പാടിൽ ആക്ഷൻ മൂവി എന്ന് പറയുമ്പോൾ കുറെ ആക്ഷൻ, അതിനിടയ്ക്ക് എപ്പോഴെങ്കിലും കഥ പറയുന്നു, അങ്ങനെയാണ്. പക്ഷേ തുടക്കം അങ്ങനെയല്ല.
ട്രെയിലർ കണ്ടിട്ട് സോഷ്യൽ മീഡിയയിൽ ആരോ ഇത് ഡീകോഡ് ചെയ്തത് കണ്ടു, ഒരു വീൽചെയറിലുള്ള അച്ഛനും മകളും വരുന്നു, അവർ രണ്ടുപേരും പെട്ടുപോകുന്ന സ്ഥലത്ത് ലാലേട്ടൻ വരുന്നു, അടിച്ചിടുന്നു എന്നൊക്കെ. പക്ഷേ സിനിമയിൽ അങ്ങനെ ഒരു മൊമെന്റും ഇല്ല,’ ജൂഡ് ആന്തണി പറഞ്ഞു.
തുടക്കം എന്നത് വിസ്മയ അവതരിപ്പിച്ച മീനു എന്ന കഥാപാത്രത്തിന്റെ മാത്രം സിനിമയാണെന്നും, പടം കണ്ടിറങ്ങുന്ന ആരും ഗസ്റ്റ് റോളിൽ വരുന്ന മോഹൻലാൽ സിനിമ കൊണ്ടുപോയി എന്ന് പറയില്ലെന്നും ജൂഡ് ആന്തണി കൂട്ടിച്ചേർത്തു.
‘തുടക്കം മൊത്തത്തിൽ മീനു എന്ന കഥാപാത്രത്തിന്റെ മാത്രം സിനിമയാണ്. ആ കഥാപാത്രം എങ്ങനെ ഒരു പ്രശ്നം പരിഹരിക്കുന്നു എന്ന് കാണിക്കുന്ന സിനിമ. ലാലേട്ടൻ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ട്, പക്ഷേ ഇത് ഒരിക്കലും ലാലേട്ടന്റെ ഒരു പടമല്ല. തുടക്കം കണ്ടുകഴിഞ്ഞ് ഇറങ്ങിയ ഒരാളും പടം ലാലേട്ടൻ കൊണ്ടുപോയി എന്ന് പറയില്ല.
ഇത് കംപ്ലീറ്റ് മീനു എന്ന കഥാപാത്രത്തിന്റേതാണ്. ഒരുപക്ഷേ ഫീമേയിൽ ഓഡിയൻസിനായിരിക്കും ഈ സിനിമ കൂടുതൽ ഇഷ്ടപ്പെടുക. എന്ന് കരുതി വേറെ ആർക്കും ഇഷ്ടപ്പെടില്ല എന്നല്ല, പക്ഷേ ഒരു സ്ത്രീ എന്ന നിലയ്ക്ക് അവർക്ക് ചിലപ്പോൾ കുറച്ചുകൂടി ഇഷ്ടപ്പെടും,’ ജൂഡ് ആന്തണി പറഞ്ഞു.
തുടക്കം. Photo. Creative Brand Mag