| Wednesday, 12th August 2026, 3:52 pm

ടെന്‍ഷന്‍ മാറാന്‍ മായ ഏതോ ഒരു പാട്ട് ഹെഡ്‌സെറ്റില്‍ പ്ലേ ചെയ്യുമായിരുന്നു, ഞാന്‍ അത് കേട്ടതിന് ശേഷം സ്പീക്കറില്‍ വെച്ചുകൊടുത്തു: ജൂഡ് ആന്തണി ജോസഫ്

അമര്‍നാഥ് എം.

ചെയ്ത സിനിമകളെല്ലാം വിജയമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ സ്വതന്ത്ര സംവിധായകനായി കരിയറാരംഭിച്ച ജൂഡ് ആന്തണിയുടെ ഏറ്റവും പുതിയ ചിത്രമാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫാമിലി ആക്ഷന്‍ ഡ്രാമയായിട്ടാണ് ജൂഡ് തുടക്കം അണിയിച്ചൊരുക്കിയത്. ശക്തമായ സാമൂഹികപ്രസക്തിയുള്ള വിഷയവും തുടക്കം സംസാരിക്കുന്നുണ്ട്. ആദ്യസിനിമയുടെ യാതൊരു പതര്‍ച്ചയുമില്ലാത്ത പ്രകടനമാണ് വിസ്മയയുടേത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

വിസ്മയ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ഓരോ സീനിനെയും സമീപിച്ചിരുന്നതെന്ന് ജൂഡ് പറഞ്ഞു. ആദ്യസിനിമയായതിനാല്‍ അതിന്റേതായ ടെന്‍ഷന്‍ വിസ്മയക്ക് ഉണ്ടായിരുന്നെന്നും ബ്രേക്കിന്റെ സമയത്ത് പോലും സിനിമയെക്കുറിച്ചായിരുന്നു ചിന്തയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ആശീര്‍വാദ് സിനിമാസ് പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നമ്മള്‍ രാവിലെ സെറ്റിലെത്തുന്നത് തൊട്ട് തമാശയും കളിയും ചിരിയുമായി ഫുള്‍ വൈബാക്കും. മായക്ക് മാത്രമായിരുന്നു ടെന്‍ഷന്‍. മായയുടെ ടെന്‍ഷന്‍ മാറാന്‍ അവര് തന്നെ ഒരു വഴി കണ്ടുപിടിച്ചിരുന്നു. ഞാന്‍ ഇടക്ക് നോക്കുമ്പോള്‍ ഒരു ഹെഡ്‌ഫോണ്‍ വെച്ചിട്ട് പാട്ട് കേള്‍ക്കുകയായിരുന്നു. എന്ത് പാട്ടാണ് കേള്‍ക്കുന്നതെന്നറിയാന്‍ നല്ല ആഗ്രഹമായിരുന്നു.

ഒരുദിവസം ഞാന്‍ അത് വാങ്ങി ചെവിയില്‍ വെച്ചു. ഒരു മംഗോളിയന്‍ പാട്ടായിരുന്നു മായ കേട്ടുകൊണ്ടിരുന്നത്. എനിക്ക് ആ പാട്ട് നല്ല ഇഷ്ടമായി. പിന്നീട് എപ്പോഴൊക്കെ മായ ടെന്‍ഷനടിക്കുന്നോ അപ്പോഴൊക്കെ ഞാന്‍ ഈ പാട്ട് സ്പീക്കറില്‍ വെക്കും. മായ അത് കേട്ടിട്ട് ഓക്കെയാകും. എന്നിട്ട് കുറച്ച് നേരം റൂമില്‍ കയറി പ്രാക്ടീസ് ചെയ്ത് ഷോട്ടിന്റെ സമയത്ത് അഭിനയിച്ച് തകര്‍ക്കും. അതായിരുന്നു പതിവ്,’ ജൂഡ് ആന്തണി പറയുന്നു.

അതേസമയം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 30 കോടിക്കടുത്താണ് തുടക്കം സ്വന്തമാക്കിയിരിക്കുന്നത്. സാധാരണ ഫാമിലി ചിത്രമായി ആരംഭിച്ച് പിന്നീട് ആക്ഷന്‍ ത്രില്ലറിലേക്ക് ചിത്രം ചുവടുമാറുകയാണ്. വിസ്മയക്ക് പുറമെ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോയുടെ പ്രകടനവും പലരും എടുത്തു പറയുന്നുണ്ട്.

Content Highlight: Jude Anthany Joseph shares the shooting experience of Thudakkam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more