| Tuesday, 4th August 2026, 8:02 pm

കീഴ് വഴക്കം തെറ്റിച്ചില്ല; തുടക്കം വളരെ ചെറിയ ചിത്രമെന്ന് ജൂഡ് ആന്തണി ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

നല്ല ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്ന മാസമാണ് ഓഗസ്റ്റ്. ഇതില്‍ ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം. മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ തുടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അണിനിരന്ന വലിയ ഇവന്റിലായിരുന്നു ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും ജൂഡ് ആന്തണി ജോസഫും പങ്കെടുത്ത ചടങ്ങില്‍ ഇരുവരും ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടക്കം. Photo: District

വലിയ മോഹന്‍ലാല്‍ ആരാധകനായ താന്‍ തുടക്കത്തില്‍ താരത്തിന് വേണ്ടി പ്രത്യേകം ഒരു കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ ജൂഡ് പറഞ്ഞ മറ്റൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കേണ്ടതില്ലെന്നും വളരെ ചെറിയ ചിത്രമായിട്ടാണ് തുടക്കം ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ജൂഡ് ഇത് പറഞ്ഞ ടോണാണ് പലരിലും ചിരിയുണര്‍ത്തുന്നത്.

‘ഈ സിനിമ ഭയങ്കര സംഭവമാണെന്നൊക്കെ എല്ലാവരും പറയും പക്ഷേ അങ്ങനെയൊന്നുമില്ല. ഇത് വളരെ ചെറിയ ഒരു സിനിമയാണ്. വേറെ ഒന്നും നിങ്ങള്‍ പ്രതീക്ഷിക്കരുത്. ഇത് സാധാരണ ഒരു കുടുംബ ചിത്രമാണ്. അതില്‍ ചിലപ്പോള്‍ ചെറിയ കാര്യങ്ങളൊക്കെ സംഭവിക്കും, അതില്‍ ചിലപ്പോള്‍ എന്തെങ്കിലും പ്രശ്‌നം സംഭവിക്കുന്ന പോലെ തോന്നും, അതില്‍ ചിലപ്പോള്‍ പരിഹാരമുണ്ടാകുമെന്നൊക്കെ തോന്നും. അങ്ങനെ വളരെ നാച്ച്വറലായി സംഭവിക്കുന്ന സിനിമയാണിത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ജൂഡ് പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ്. Photo: X.com

എന്നാല്‍ സമീപകാലത്ത് വലിയ ഹൈപ്പിലെത്തുന്ന എല്ലാ ചിത്രങ്ങളെയും കുറിച്ച് സംവിധായകരും അഭിനേതാക്കളും പറയുന്ന കാര്യങ്ങളാണ് ഇതെന്നും ഇത്തരത്തില്‍ പറയുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്നും പലരും ഓര്‍മപ്പെടുത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ലാലേട്ടനെ പ്ലേസ് ചെയ്തിരിക്കുന്ന രീതി കണ്ടാല്‍ ചെറിയ ചിത്രമാണെന്ന് മനസിലാകുമെന്നും പലരും കൂട്ടിച്ചേര്‍ത്തു.

Content Highlight: Jude anthany Joseph says that Thudakkam is a very small Family drama movie and not to have high expectation

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more