സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018 ലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി അദ്ദേഹം ഒരുക്കിയ തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, 2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാനയ്ക്ക് ഇന്നും ലഭിക്കുന്ന അഭിനന്ദനങ്ങളെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.
ഓം ശാന്തി ഓശാന എന്ന സിനിമ കാരണം ഉണ്ടായ നേട്ടങ്ങൾ ഇന്നും അനുഭവിക്കുന്ന ആളാണ് താൻ എന്ന് പറയുകയാണ് ജൂഡ് ആന്തണി. 2018 എന്ന തന്റെ സിനിമയുടെ ഓസ്കാർ ക്യാമ്പയിനായി അമേരിക്കയിൽ പോയപ്പോൾ പോലും ഓം ശാന്തി ഓശാനയെക്കുറിച്ച് തനിക്ക് അഭിനന്ദനങ്ങൾ ലഭിച്ചതായി ജൂഡ് ആന്തണി പറയുന്നു.
ജൂഡ് ആന്തണി ജോസഫ്. Photo. Screen grab/ Youtube
ഓം ശാന്തി ഓശാന എന്ന സിനിമയുടെ പുണ്യം ഇപ്പോഴും അനുഭവിക്കുന്ന ആളാണ് ഞാൻ. കാരണം 2018 സിനിമയുടെ ഓസ്കാർ ക്യാമ്പയിൻ സമയത്ത് ഞാൻ അമേരിക്കയിൽ പോയപ്പോൾ ഒരു അമ്മ ഓടിവന്നിട്ട്, മോനേ, ഓം ശാന്തി ഓശാന അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. അപ്പോൾ ഞാൻ, എന്റെ പൊന്നമ്മച്ചീ, ഞാൻ ദേ ഇപ്പോൾ 2018 ചെയ്തതേയുള്ളൂ എന്ന് പറഞ്ഞെങ്കിലും ആ, അതും കൊള്ളാം, പക്ഷേ എനിക്ക് ഓം ശാന്തി ഓശാനയാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു ആ അമ്മയുടെ മറുപടി,’ ജൂഡ് പറഞ്ഞു.
ഒരിക്കൽ എയർപോർട്ടിൽ വെച്ച് തമിഴ് നടി ശരണ്യയെ കണ്ടപ്പോൾ, ഓം ശാന്തി ഓശാന സിനിമയെക്കുറിച്ച് അവരുടെ ഭാഗത്തുനിന്നും ഉണ്ടായ അഭിനന്ദനം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്ന് ഓർത്തെടുക്കുകയാണ് ജൂഡ് ആന്തണി.
‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കാത്ത വേറൊരു സംഭവവുമുണ്ട്. ആനവാൽ മോതിരം തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച തമിഴ് നടി ശരണ്യ മാം ഉണ്ടല്ലോ, അവർ ജ്യോതികയുടെ ഏതോ സിനിമയ്ക്ക് വേണ്ടി കേരളത്തിൽ വന്നിട്ടുണ്ടായിരുന്നു. അന്ന് ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചുള്ള അവരുടെ ഒരു ഇന്റർവ്യൂ ഞാൻ ടിവിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അന്ന് വൈകുന്നേരം എനിക്ക് ചെന്നൈയിലേക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു. അങ്ങനെ എയർപോർട്ടിലെ ലൗഞ്ചിൽ നോക്കുമ്പോൾ അവിടെ ശരണ്യ മാം നിൽക്കുന്നു,’ ജൂഡ് പറഞ്ഞു.
ശരണയുമായുള്ള സംഭാഷണത്തിനിടയിൽ താൻ സംവിധാനം ചെയ്ത സിനിമയാണ് ഓം ശാന്തി ഓശാന എന്ന അറിഞ്ഞപ്പോൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം ശരിക്കും തന്റെ കണ്ണ് നിറയിക്കുന്നതായിരുന്നു എന്നും ജൂഡ് ആന്തണി പറയുന്നു.
‘അങ്ങനെ അവരെ പരിചയപ്പെടാൻ വേണ്ടി ഞാൻ അടുത്ത് പോയി, എന്റെ പേര് ജൂഡ് ആന്തണി എന്നാണ് എന്ന് പറഞ്ഞു ഒരു ഫോട്ടോയൊക്കെ എടുത്തു. അപ്പോൾ എന്നോട്, എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാൻ ഒരു മലയാളം ഡയറക്ടറാണ് എന്ന് പറഞ്ഞപ്പോൾ, ഏതാണ് ചെയ്ത പടം എന്ന് ചോദിച്ചു. ഓം ശാന്തി ഓശാന എന്ന് പറഞ്ഞതും അവർ ഭയങ്കരമായി ഞെട്ടി, ഓ മൈ ഗോഡ് എന്നൊക്കെ പറഞ്ഞ ഫോണെടുത്ത് മകളെ വിളിച്ചിട്ട്, ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് എനിക്ക് തന്നു. അപ്പോൾ മകൾ പറഞ്ഞത്, അമ്മയും ഞാനും എല്ലാ ആഴ്ചയും ഇരുന്ന് കാണുന്ന സിനിമയാണിത് ഓം ശാന്തി ഓശാന എന്നാണ്.
അത് കേട്ടപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. അപ്പോൾത്തന്നെ ഞാൻ നസ്രിയയെ വിളിച്ചു എന്റെ സന്തോഷം പറഞ്ഞിരുന്നു. ഇതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം ആയിരുന്നു,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
ഓം ശാന്തി ഓശാന. Photo. Zonkerala.Com