| Thursday, 10th July 2025, 2:09 pm

'വി ഫോര്‍ വിവരദോഷം' ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റിന് കമന്റുമായി ജൂഡ് ആന്തണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തില്‍ കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. ജാനകി എന്ന പേര് മാറ്റി ജാനകി .വി എന്നോ വി. ജാനകിയെന്നോ ആക്കാമെന്നും ചിത്രത്തിലെ കോടതിയിലെ ക്രോസ് എക്സാമിനേഷന്‍ രംഗത്തെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാമെന്നുമായിരുന്നു കോടതിയെ അറിയിച്ചത്.

ഇപ്പോള്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ‘വി ഫോര്‍…’ എന്ന വാക്ക് മാത്രമാണ് അദ്ദേഹത്തിന്റെ പോസ്റ്റിലുള്ളത്. ഇതിന് താഴെ വന്ന കമന്റുകളാണ് ചര്‍ച്ചയാകുന്നത്.

ലിജോയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. ‘വാലിബന്‍’, ‘വിവരമില്ലായ്മ’, ‘വെള്ളരിക്കാ പട്ടണം’, ‘വിടുവായിത്തരം’ തുടങ്ങി നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ ‘വിവരദോഷം’ എന്നായിരുന്നു സംവിധായകന്‍ ജൂഡ് ആന്തണിയുടെ കമന്റ്.

കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ കോടതി രംഗത്ത് ക്രോസ് വിസ്താരത്തില്‍ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് മ്യുട്ട് ചെയ്യണമെന്നും സബ്ടൈറ്റിലില്‍ മാറ്റം വരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

ജാനകി എന്ന പേര് വി. ജാനകി അല്ലെങ്കില്‍ ജാനകി .വി എന്നാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തില്‍ 96 മാറ്റങ്ങള്‍ വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ട് മാറ്റങ്ങളാക്കി ചുരുക്കുകയായിരുന്നു.

പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം നിര്‍മാതാക്കള്‍ സമ്മതിക്കുകയും ഈ കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാണെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചു.

മൂന്ന് ദിവസത്തിനകം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ചിത്രം ഇനി ജാനകി .വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലായിരിക്കും അറിയപ്പെടുക.

Content Highlight: Jude Anthany Joseph’s Comment In Lijo Jose Pellissery’s Facebook Post ‘V For’

We use cookies to give you the best possible experience. Learn more