സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018 ലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി അദ്ദേഹം ഒരുക്കിയ തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, നടൻ മോഹൻലാലും അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും തുടക്കം സിനിമയുടെ തിരക്കഥക്ക് വേണ്ടി ചില സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ജൂഡ്.
ജൂഡ് ആന്തണി ജോസഫ്.Photo:Screengrab/Youtube
ഏത് കാര്യത്തിലും കൃത്യമായ വിമർശനങ്ങൾ പറയുന്ന വ്യക്തിയാണ് സുചിത്ര എന്ന് പറയുകയാണ് ജൂഡ് ആന്റണി ജോസഫ്. തുടക്കത്തിൽ ഇത്തരത്തിൽ പറയുന്ന കാര്യങ്ങൾ തനിക്ക് വിഷമം ഉണ്ടാക്കിയിരുന്നു എന്നും, എന്നാൽ പിന്നീട് ചേച്ചി പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു എന്ന് മനസിലായെന്നും ജൂഡ് കൂട്ടിച്ചേർത്തു.
‘ലാലേട്ടനും സുചിത്രച്ചേച്ചിയും തുടക്കത്തിന്റെ സ്ക്രിപ്റ്റിലേക്ക് പ്രധാനപ്പെട്ട ചില സംഭാവനകൾ നൽകിയിട്ടുണ്ട്. സുചിത്ര ചേച്ചി ഒരു നല്ല ക്രിട്ടിക് ആണ്. കാരണം, എന്നോട് ഓരോ അഭിപ്രായങ്ങൾ പറയുമ്പോൾ ഞാൻ അഞ്ച് സിനിമകൾ ചെയ്ത ഒരു സംവിധായകനാണ് എന്നൊന്നും ചേച്ചി നോക്കാറില്ല. ഞാൻ പറയുന്ന ഒരു കാര്യം മണ്ടത്തരമാണെങ്കിൽ അത് കൊള്ളില്ല എന്ന് അപ്പോൾ തന്നെ പറയും.
ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾ കുറച്ച് വിഷമം തോന്നിയിരുന്നു. ശോ ഇതെന്താ ഇങ്ങനെ പറയുന്നത് എന്ന് കരുതിയിരുന്നു. പിന്നെ ഞാൻ ഇരുന്ന് ആലോചിക്കും, ചേച്ചിക്ക് ഇപ്പോൾ വെറുതെ എന്റെ സ്ക്രിപ്റ്റിനെ കുറിച്ച് കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാനാണ്, അങ്ങനെ ഒരു ദിവസം ഞാൻ ചേച്ചിയെ തിരിച്ചുവിളിച്ചിട്ട് ചേച്ചി പറഞ്ഞത് ശരിയാണ്, ഞാൻ ആ മാറ്റങ്ങൾ വരുത്താം എന്ന് പറഞ്ഞ് വേണ്ട തിരുത്തലുകൾ ചെയ്തിരുന്നു,’ ജൂഡ് പറഞ്ഞു.
തുടക്കം സിനിമയിലെ ചില നിർണായക ഭാഗങ്ങൾ നടൻ മോഹൻലാൽ പറഞ്ഞതനുസരിച്ച് മാറ്റം വരുത്തിയതാണെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തുന്നു.
‘അതുപോലെ ലാൽസാർ സിനിമയുടെ ഫുൾ സ്ക്രിപ്റ്റ് വായിച്ച ശേഷം ഒരു ദിവസം എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, മോനേ, നമ്മുടെ ആ സീൻ ഇല്ലേ അതിൽ അങ്ങനെ ഒരു സാധനം ചെയ്താൽ സിനിമയ്ക്ക് കൂടുതൽ ഗുണമാവില്ലേ എന്ന്. ശരിക്കും പറഞ്ഞാൽ ഞാൻ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞു, സാർ, ഇത് ഗംഭീരമാണല്ലോ എന്ന്. അദ്ദേഹം അതും പറഞ്ഞ് ശരി മോനേ, ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അന്ന് ലാൽസാർ പറഞ്ഞപ്രകാരം ഞാൻ സ്ക്രിപ്റ്റിൽ വരുത്തിയ മാറ്റങ്ങളൊക്കെ ആ സിനിമയ്ക്ക് ഭയങ്കരമായി ഗുണം ചെയ്ത കാര്യങ്ങളായിരുന്നു അത്,’ ജൂഡ് ആന്റണി പറഞ്ഞു.
മോഹൻലാൽ. സുചിത്ര. Photo. Kerala Kaumudi