‘ഓം ശാന്തി ഓശാന’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജൂഡ് ആന്തണി ജോസഫ്. ‘ഒരു മുത്തശ്ശി ഗദ’, ‘2018’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജൂഡ്, തന്റെ സിനിമാ യാത്രയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ. തന്റെ പുതിയ സിനിമയായ തുടക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
‘എന്റെ ആദ്യ സിനിമയിൽ നിന്ന് ഇന്നത്തെ സിനിമയിലേക്ക് എത്തിയപ്പോൾ ഒരു ഫിലിംമേക്കർ എന്ന നിലയിൽ ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടുവെന്ന് തോന്നുന്നു. ആദ്യ സിനിമ ചെയ്യുമ്പോൾ എന്ത് ചെയ്യണം, എങ്ങനെ സിനിമയാക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ധാരണ മാത്രമാണ് എനിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ‘ഓം ശാന്തി ഓശാന’യ്ക്ക് വേണ്ടി ഞാൻ ഒരുപാട് പണിയെടുത്തിരുന്നു,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
ഒരു മുത്തശ്ശി ഗദ.ജൂഡ് ആന്തണി ജോസഫ്.Photo: Screengrab/Club Fm/Youtube.com. IMDb
രണ്ടാമത്തെ സിനിമയായപ്പോഴേക്കും കുറച്ച് തലക്കനം വന്നു. ഞാൻ വലിയ സംഭവമാണെന്ന് തോന്നിത്തുടങ്ങി. ‘മുത്തശ്ശി ഗദ’യ്ക്ക് വേണ്ടി അത്ര കാര്യമായി പണിയെടുത്തില്ല. അതിന്റെ ഫലം ഞാൻ അനുഭവിക്കുകയും ചെയ്തു. സിനിമ ബ്ലോക്ക്ബസ്റ്ററാകുമെന്ന് കരുതി അഹങ്കരിച്ചിരുന്ന സമയത്ത് ചിത്രം ഒരു ആവറേജ് വിജയത്തിൽ ഒതുങ്ങി. അത് എനിക്ക് വലിയ വിഷമം ഉണ്ടാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഏറെ സ്വാധീനിച്ച സംവിധായകനാണ് പ്രിയദർശനെന്നും സിനിമ പ്രതീക്ഷിച്ചത്ര വിജയിക്കാത്തതിന്റെ വിഷമവും ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയും പ്രിയദർശനോട് പങ്കുവെച്ചെന്നും ജൂഡ് ആന്തണി പറഞ്ഞു
‘അപ്പോഴാണ് ഞാൻ പ്രിയൻ സാറിനെ പോയി കണ്ടത്. ഞങ്ങൾ തമ്മിൽ നേരത്തെ വലിയ ബന്ധമൊന്നുമില്ല. പക്ഷേ എന്നെ ഏറെ സ്വാധീനിച്ച സംവിധായകനാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തെ വിളിച്ച് കാണണമെന്ന് പറഞ്ഞപ്പോൾ കാണാം എന്നാണ് സാർ പറഞ്ഞത്. ഞാൻ പ്രതീക്ഷിച്ചത്ര സിനിമ വിജയിച്ചില്ലെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു,’ ജൂഡ് കൂട്ടിച്ചേർത്തു.
അപ്പോൾ സാർ പറഞ്ഞത് ‘എന്റെ മിഥുനവും വന്ദനവുമൊന്നും തിയേറ്ററിൽ വിജയിച്ച സിനിമകളായിരുന്നില്ല. അന്ന് ഞാൻ ഇതുപോലെ വിഷമിച്ചിരുന്നെങ്കിൽ പിന്നീട് എനിക്ക് സിനിമ ചെയ്യാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് നമ്മൾ ചെയ്യുന്ന സിനിമകളെ നമ്മൾ തന്നെ ഇഷ്ടപ്പെടണം. അത് മോശമായാലും നല്ലതായാലും’ എന്നാണ്. അദ്ദേഹം അന്ന് പറഞ്ഞ കുറച്ച് കാര്യങ്ങൾ എന്റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്, ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
തുടക്കം.ജൂഡ് ആന്തണി ജോസഫ്.Photo: Screengrab/Club Fm/Youtube.com. IMBd
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റ്ണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
Content Highlight: Jude Anthany Joseph recalls his experience with the average success of Oru Muthassi Gadha