| Thursday, 6th August 2026, 5:45 pm

നസ്രിയയുടെ ഷോട്ട് 12 ടേക്ക് വരെ പോയാലും അതില്‍ ഇഷ്ടമുള്ളത് എടുക്കാമായിരുന്നു, എന്നാല്‍ വിസ്മയയുടെ കാര്യം വ്യത്യസ്തമാണ്: ജൂഡ് ആന്തണി ജോസഫ്

അമര്‍നാഥ് എം.

ക്രേസി ഗോപാലനില്‍ സംവിധാന സഹായിയായി കരിയറാരംഭിച്ചയാളാണ് ജൂഡ് ആന്തണി ജോസഫ്. പിന്നീട് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലും ജൂഡ് പ്രവര്‍ത്തിച്ചു. ഓം ശാന്തി ഓശാനയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ ജൂഡ് ഒരുപിടി മികച്ച സിനിമകള്‍ മോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്.

2018ലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ ജൂഡിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ഫാമിലി ആക്ഷന്‍ ത്രില്ലറായാണ് തുടക്കം ഒരുങ്ങുന്നതെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നുണ്ട്.

തുടക്കത്തെക്കുറിച്ചും വിസ്മയയുമൊത്തുള്ള ഷൂട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് ജൂഡ്. ആദ്യനായികയായ നസ്രിയയും വിസ്മയയും തമ്മിലുള്ള വ്യത്യാസമെന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജൂഡ്. ഓം ശാന്തി ഓശാനയില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് തുടക്കമെന്ന് ജൂഡ് ആന്തണി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നസ്രിയയുടെയും വിസ്മയയുടെയും സ്‌റ്റൈല്‍ വ്യത്യസ്തമാണ്. സത്യം പറഞ്ഞാല്‍ ഓം ശാന്തി ഓശാന ഞാന്‍ ചെയ്യുമ്പോള്‍ അത് സംവിധായകനെന്ന നിലയില്‍ എന്റെ ആദ്യത്തെ പടമാണ്. പക്ഷേ, നസ്രിയ ചെറുപ്പം മുതല്‍ സിനിമയില്‍ നില്‍ക്കുന്നയാളാണ്. എന്താണ് വേണ്ടതെന്ന് കൃത്യമായിട്ട് അറിയാം. നസ്രിയയുടെ ഷോട്ട് ഒരു 12 ടേക്ക് പോയാല്‍ അതില്‍ നിന്ന് ഇഷ്ടമുള്ളത് നമുക്ക് എടുക്കാനാകും. അത്രക്ക് ഓപ്ഷനുകള്‍ അവര്‍ തരും.

അതേസമയം വിസ്മയയുടെ കാര്യം നോക്കിയാല്‍ അവര്‍ ആദ്യമായാണ് ക്യാമറക്ക് മുന്നിലെത്തുന്നത്. അവരെ ഓക്കെയാക്കുക എന്നതായിരുന്നു ഫസ്റ്റ് സ്റ്റേജ്. പിന്നെയുള്ള പ്രശ്‌നം ഭാഷയാണ്. നമുക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും വിസ്മയക്ക് തിരിച്ച് എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനും ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഓക്കെയായി,’ ജൂഡ് ആന്തണി പറയുന്നു.

വിസ്മയ മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും തുടക്കത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സായ് കുമാര്‍, മനോജ് കെ. ജയന്‍, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ചിപ്പി തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. മോഹന്‍ലാലും തുടക്കത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Jude Anthany Joseph pointing the difference between Nazriya and Vismaya

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more