2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധനം ചെയ്ത സിനിമയാണ് തുടക്കം. വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയിൽ മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
എന്നാൽ വിസ്മയ മോഹൻലാലിനെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയ കഥാപാത്രമായിരുന്നില്ല ‘മീനു’വെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ജൂഡ് ആന്തണി. കഥാപാത്രത്തിന് വിസ്മയ അനുയോജ്യയാകുമെന്ന് തോന്നിയതോടെയാണ് സിനിമയിലേക്ക് താരത്തെ പരിഗണിച്ചതെന്നും ജൂഡ് പറഞ്ഞു. ‘റിപ്പോർട്ടർ ടിവി’ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
വിസ്മയയെ കാണുന്നതിന് മുമ്പുതന്നെ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നുവെന്നും ജൂഡ് പറഞ്ഞു. സിനിമ ചെയ്യുന്നതിന് മുമ്പ് സുചിത്ര ചേച്ചിയോട് രണ്ടുമൂന്ന് കഥകൾ പറഞ്ഞിരുന്നെങ്കിലും അവ തങ്ങൾ ഇരുവർക്കും വർക്ക് ആയില്ല എന്നും ജൂഡ് പറഞ്ഞു.
വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ്. Photo: Screengrab/ Youtube
‘ഇത് വിസ്മയയ്ക്ക് വേണ്ടി ചെയ്ത ഒരു സിനിമയായിരുന്നില്ല. ഇതിലെ മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ട് ആയിരിക്കുമെന്ന് വിചാരിച്ചാണ് നമ്മൾ ഈ സിനിമ ചെയ്യാൻ തുടങ്ങുന്നത്. വിസ്മയയെ കാണുന്നതിന് മുന്നേ തന്നെ തിരക്കഥ പൂർത്തിയായിരുന്നു. പിന്നീട് വിസ്മയയെ കണ്ടതിന് ശേഷം കുറച്ച് അഡീഷണൽ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.
കഥാപാത്രത്തിന്റെ പേര് മാറ്റിയതിനെക്കുറിച്ചും ജൂഡ് സംസാരിച്ചു. ആദ്യം കഥാപാത്രത്തിന് ‘മായ’ എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാൽ വിസ്മയ തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേരും തന്റെ യഥാർഥ പേരും തമ്മിൽ സാമ്യമുണ്ടാകുമല്ലോ എന്ന കാര്യം പറഞ്ഞത്. ഇതോടെയാണ് കഥാപാത്രത്തിന്റെ പേര് ‘മീനു’ എന്നാക്കി മാറ്റിയതെന്നും ജൂഡ് വ്യക്തമാക്കി.
മീനുവിന്റെ കഥയിൽ പിന്നീട് കൂട്ടിച്ചേർത്ത മറ്റൊരു പ്രധാന ഘടകമായിരുന്നു ‘മെസി’ എന്ന നായ. തിരക്കഥയുടെ ആദ്യ രൂപത്തിൽ നായ ഉണ്ടായിരുന്നില്ലെന്നും വിസ്മയക്ക് നായയോട് ഇഷ്ടം ഉള്ളതുകൊണ്ട് അത് ഉൾപ്പെടുത്തുന്നത് കഥാപാത്രത്തെ കൂടുതൽ കംഫർട്ടബിളാക്കാൻ സഹായിക്കുമെന്ന തോന്നലിലാണ് ആ ഭാഗം കൂട്ടിച്ചേർത്തതെന്നും ജൂഡ് പറഞ്ഞു.
തുടക്കം. Screengrab/ Youtubde
‘മായ ഫസ്റ്റ് കമ്പനി ആയത് ആ നായ മെസ്സിയുമായിട്ടാണ്. യഥാർഥത്തിൽ ആ നായയുടെ പേര് മെസി എന്നുതന്നെയാണ്. സിനിമയിൽ വേറെ ഒരു പേരായിരുന്നു ആദ്യം ഇട്ടിരുന്നത്. പക്ഷേ അത് വിളിക്കുമ്പോൾ നായ കേൾക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അവസാനം അതിന്റെ യഥാർഥ പേര് മെസ്സി എന്നുതന്നെ സിനിമയിൽ ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
Content Highlight: Jude Anthany Joseph opens up about Vismaya in the film Thudakkam