മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വിസ്മയയെ ആദ്യമായി സിനിമയിൽ അവതരിപ്പിക്കുമ്പോൾ നേരിട്ട സമ്മർദ്ദത്തെ ത്തെക്കുറിച്ചും താരത്തിനൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ ജൂഡ് ആന്തണി ജോസഫ്. ‘തുടക്കം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അമൃത ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ഇത്രയും സമ്മർദം അനുഭവിച്ച മറ്റൊരു സിനിമ ഞാൻ ചെയ്തിട്ടില്ല . ആ സമ്മർദം മുഴുവൻ വിസ്മയയെ ഒരു മികച്ച നടിയായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണം എന്നതായിരുന്നു. പുതിയൊരു അഭിനേത്രിയായതുകൊണ്ട് സ്വാഭാവികമായും കൂടുതൽ ഉത്തരവാദിത്തം സംവിധായകനെന്ന നിലയിൽ എനിക്കായിരുന്നു.
പക്ഷേ ആ പ്രഷർ ഞാൻ ആസ്വദിച്ചിരുന്നു. ഓരോ സീനും ചിത്രീകരിച്ച് മോണിറ്ററിൽ കാണുമ്പോൾ വലിയ സന്തോഷമായിരുന്നു. ഒന്നോ രണ്ടോ ടേക്ക് അധികം പോയാലും അവസാനം കിട്ടുന്ന ഔട്ട്പുട്ട് വളരെ നല്ലതായിരുന്നു,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
തുടക്കം.ജൂഡ് ആന്തണി ജോസഫ്. Photo. Screengrab/ Youtube
വിസ്മയയ്ക്കൊപ്പം ജോലി ചെയ്യുന്നത് എളുപ്പമായിരുന്നു. എല്ലാ രംഗങ്ങളും നന്നായി തയ്യാറെടുത്താണ് അവൾ സെറ്റിൽ എത്താറുള്ളത്. ഓരോ സീനും വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് ചെറിയ തിരുത്തലുകൾ മാത്രം പറഞ്ഞുകൊടുത്താൽ മതി. അതുപോലെ വളരെ കൃത്യസമയത്ത് എത്തുന്ന ആളുമാണ്. എത്ര സമയം വേണമെങ്കിലും കാത്തിരിക്കും. അതിൽ ഒരു പരാതിയും പറയാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വിസ്മയയുടെ ഷൂട്ടിങ് കഴിഞ്ഞാലും ഉടൻ മടങ്ങിപ്പോകാറില്ല. മുഴുവൻ ടീമിനൊപ്പവും ചേർന്ന് നിൽക്കുന്ന ആളാണ് അവൾ. അതുകൊണ്ടുതന്നെ യൂണിറ്റിലെ എല്ലാവർക്കും വിസ്മയയെ വളരെ ഇഷ്ടമാണ്. വിസ്മയയെക്കൊണ്ട് എനിക്ക് വലിയ പ്രഷറൊന്നും ഉണ്ടായിരുന്നില്ല. ഈ സിനിമയുടെ ഔട്ട്പുട്ട് ഏറ്റവും മികച്ചതാകണം എന്നതായിരുന്നു എന്റെ ഏക ആശങ്ക. സംവിധായകനെന്ന നിലയിൽ ഈ ചിത്രത്തിന് കുറച്ചുകൂടി ഉത്തരവാദിത്തം എനിക്ക് തോന്നിയിരുന്നു,” ജൂഡ് ജോസഫ് പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ്. Photo. Screengrab/ Youtube
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും.
Content Highlight: Jude Anthony Joseph opens up about introducing Vismaya Mohanlal in Thudakkam and the pressure behind her debut