‘ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗദ’, ‘2018’ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനാണ് ജൂഡ് ആന്തണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു, കായംകുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളും
താരം അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയിക്കാനുള്ള നിരവധി അവസരങ്ങൾ വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും പിന്നീട് അതിന്റെ ഫലമായി നേരിട്ട അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ താരം. തന്റെ പുതിയ ചിത്രമായ തുടക്കതിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ പ്രതികരണം.
‘ ‘2018’ സിനിമയുടെ ഷൂട്ടിങ് 2022 മെയ് മുതൽ നവംബർ വരെയായിരുന്നു. ആ സമയത്ത് അഭിനയിക്കാനായി ഒരുപാട് സിനിമകളിൽ നിന്ന് എനിക്ക് കോളുകൾ വന്നിരുന്നു. ‘2018’ന് മുമ്പും എല്ലാ മാസവും ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിക്കാൻ വിളിക്കാറുണ്ടായിരുന്നു. പക്ഷേ അവർ വിളിക്കുന്ന സമയത്തൊക്കെ ഞാൻ ‘2018’ന്റെ ഷൂട്ടിലായിരിക്കും. ലൊക്കേഷനിലോ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലോ ആയിരിക്കും. അതുകൊണ്ട് തന്നെ ഫോൺ എടുത്ത് ‘എനിക്ക് പറ്റില്ല’ എന്ന് പറഞ്ഞ് കട്ട് ചെയ്യുമായിരുന്നു എന്നും ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ്.Photo:Screengrab/Youtube
‘ചിലർ ‘രണ്ട് ദിവസം മാത്രമേയുള്ളൂ ചേട്ടാ, ചെയ്താൽ ഗംഭീരമായിരിക്കും’ എന്നൊക്കെ പറഞ്ഞ് വീണ്ടും വിളിക്കും. എഴുത്തുകാരോ പ്രൊഡക്ഷൻ മാനേജർമാരോ വീണ്ടും വിളിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെടും. അപ്പോഴും ‘ഞാൻ പറഞ്ഞതല്ലേ, എനിക്ക് പറ്റില്ല, എന്റെ സിനിമയുടെ വർക്കിലാണ്’ എന്ന് പറഞ്ഞ് ഒഴിവാക്കും. അങ്ങനെ മൂന്നോ നാലോ സിനിമകളെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. അത് ഒരുപക്ഷേ ‘അയാൾ അഭിനയം നിർത്തി’ എന്ന തരത്തിലുള്ള ഒരു പൊതുധാരണ ഉണ്ടായിക്കാണും. അതിനുശേഷം കുറച്ചുകാലത്തേക്ക് ആരും എന്നെ അഭിനയിക്കാൻ വിളിച്ചില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘പിന്നീട് ‘മന്ദാകിനി’ എന്ന സിനിമയിലേക്കാണ് എന്നെ വിളിച്ചത്. അതിന് ശേഷം ഇപ്പോൾ ‘കോസ്മിക് സാംസൺ’ എന്ന സിനിമയിൽ അവസാനമായി അഭിനയിച്ചു. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷേ നമ്മൾ സിനിമയെ സ്നേഹിച്ചാൽ മാത്രമേ സിനിമയും നമ്മളിലേക്ക് എത്തുകയുള്ളൂ. അന്ന് അങ്ങനെ സിനിമകളോട് നോ പറയാൻ പാടില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. നമ്മളെ തേടി ഒരു കഥാപാത്രം വരുമ്പോൾ, നമ്മളെ അത്രയും വിശ്വസിച്ചിട്ടാണ് അവർ വിളിക്കുന്നത്. ആ അവസരം അങ്ങനെ ഒഴിവാക്കരുതായിരുന്നു. എന്തായാലും ഞാൻ ഒരു ബോർ ആക്ടറാണെന്നാണ് എന്റെ തന്നെ ധാരണ,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.
2018.Photo: IMDb
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റ്ണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തീയേറ്ററിൽ മുന്നേറുകയാണ്.
Content Highlight: Jude Anthany Joseph opens up about his acting journey