സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018 ലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി അദ്ദേഹം ഒരുക്കിയ തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജൂഡ്.
വെല്ലുവിളികൾ ഏറ്റെടുക്കുമ്പോഴാണ് സിനിമ ചെയ്യാനുള്ള ആവേശം തോന്നുന്നതെന്നും, 2018 ചെയുന്നത് അസാധ്യമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഡി.ഒ.പി. പോലും പറഞ്ഞത് സിനിമ ചെയ്യണമെന്ന തന്റെ വാശി കൂടുതൽ ശക്തമാക്കിയെന്നും ജൂഡ് ആന്തണി ജോസഫ് പറയുന്നു.
ജൂഡ് ആന്തണി. Photo. Screen grab/ Youtube
‘സത്യം പറഞ്ഞാൽ ആരെങ്കിലും ഒക്കെ എന്നെ വെല്ലുവിളിച്ചാൽ മാത്രമേ എനിക്ക് പടം ചെയ്യാനുള്ള ഒരു മൂഡ് വരുകയുള്ളൂ. 2018 എന്ന സിനിമ ചെയ്യാൻ പ്ലാൻ ഇടുന്ന സമയത്ത് എന്നോട് എല്ലാവരും പറഞ്ഞത് ഇങ്ങനെയൊന്നും സിനിമ ഷൂട്ട് ചെയ്യാൻ പറ്റില്ല, പ്രളയം പശ്ചാത്തലമാക്കി മലയാളത്തിൽ സിനിമയൊന്നും ചെയ്യാൻ ആകില്ല എന്നാണ്. ഇന്ത്യയിലെ ഒരു പ്രമുഖ ഡി.ഓ.പി വരെ എന്നോട് പറഞ്ഞത്, ഈ സിനിമ ഇംപോസിബിൾ ആണ്, ഷൂട്ട് ചെയ്യാൻ പറ്റില്ല എന്നായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വാശിയായി. അങ്ങനെയാണെങ്കിൽ ഈ സിനിമ ചെയ്തിട്ടു തന്നെ കാര്യം എന്നൊരു മൂഡിലായിരുന്നു ഞാൻ,’ ജൂഡ് പറഞ്ഞു.
2018 പോലൊരു സിനിമ ചെയ്യുമ്പോൾ നേരിട്ടിരുന്ന റിസ്കിനെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നെന്നും. സിനിമ എവിടെയെങ്കിലും പാളിപ്പോയാൽ തന്റെ കരിയറിനെ തന്നെ അത് ബാധിക്കാമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും, വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകാനായിരുന്നു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ പിന്നെ ആലോചിച്ചപ്പോഴാണ് മനസിലായത്, ഈ സിനിമ എടുക്കുന്നതിനിടയിൽ എവിടെയെങ്കിലും ഒന്ന് പാളിപ്പോയാൽ കരിയർ തന്നെ തീരും. എങ്കിലും ഞാൻ ചിന്തിച്ചത്, എന്തെങ്കിലും ഒക്കെ വെല്ലുവിളികൾ ഏറ്റെടുത്താൽ അല്ലെ ഒരു രസമുള്ളൂ എന്നാണ്. കാരണം എല്ലാവരും നമ്മുടെ അടുത്ത് വന്നിട്ട് നീ സൂപ്പറാ സൂപ്പറാ എന്ന് മാത്രം പറഞ്ഞാൽ നമുക്കൊരു മൂഡ് വരില്ല. അപ്പോൾ ഇങ്ങനെ എന്തെങ്കിലും റിസ്‌ക് എടുത്തിട്ട്, ഹാ… നിന്നെ സമ്മതിച്ചു കേട്ടോ എന്നൊക്കെ ആളുകളിൽ നിന്ന് കേൾക്കാമല്ലോ എന്നൊരു ചിന്തയായിരുന്നു അന്ന്,’ ജൂഡ് ആന്റണി പറഞ്ഞു.
2018ന് ശേഷം തുടക്കം എന്ന സിനിമയിലേക്കെത്തിയപ്പോഴും വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നതെന്ന് ജൂഡ് പറയുന്നു. എന്നാൽ മോഹൻലാലിന്റെ കുടുംബത്തിൽ നിന്ന് തന്നെ തേടിയെത്തിയ അവസരം തനിക്കു നൽകിയ വിശ്വാസത്തിന്റെ ഭാഗമായാണ് കണ്ടതെന്നും, ആ വിശ്വാസം തിരിച്ചുനൽകണമെന്ന ആഗ്രഹമാണ് ചിത്രം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘അങ്ങനെ ഒരു നാല് വർഷമൊക്കെ എടുത്തിട്ടാണ് ഞാൻ 2018 ചെയ്ത് നല്ലൊരു പേരൊക്കെ ഉണ്ടാക്കി വെച്ചത്. അതു കഴിഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് തുടക്കം എന്ന സിനിമ വരുന്നത്. ഈ സിനിമയുടെ കഥ എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോഴും എടാ ഇത് റിസ്‌ക് ആണ് എന്ന് തന്നെയാണ് അവർ പറഞ്ഞത്. അപ്പോൾ എന്റെ മുന്നിൽ ഒന്നെങ്കിൽ സിനിമ ചെയ്യുക അല്ലെങ്കിൽ ആ അവസരം ഒഴിവാക്കുക, ഒരു തുടക്കം അല്ലെങ്കിൽ ഒടുക്കം എന്നപോലെ ആയിരുന്നു.
പക്ഷെ ഞാൻ പിന്നെ ആലോചിച്ചപ്പോൾ, ലാൽ സാറിനെപ്പോലെ ഒരു വലിയ വ്യക്തിയുടെ കുടുംബത്തിൽ നിന്ന് എനിക്കൊരു അവസരം വരുകയാണ് , അവർക്ക് വേണമെങ്കിൽ മറ്റ് സംവിധായകരെയൊക്കെ വിളിക്കാമായിരുന്നു. എന്നിട്ടും എന്നെ വിളിക്കാൻ കാരണം എന്നോടുള്ള ആ ഒരു വിശ്വാസമാണ്. അപ്പോൾ അത് തിരിച്ചും കാണിക്കണമെന്ന് എനിക്ക് തോന്നി,’ ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
2018. തുടക്കം. Photo. IMDb