| Wednesday, 12th August 2026, 10:52 am

പട്ടിക്ക് മെസ്സി എന്ന് പേരിട്ടത് പലര്‍ക്കും ഇഷ്ടമായിട്ടില്ല, സ്‌ക്രിപ്റ്റില്‍ അതിന്റെ പേര് ഹാരി എന്നായിരുന്നു, മാറ്റാന്‍ കാരണം... ജൂഡ് ആന്തണി ജോസഫ്

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഫാമിലി ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ തുടക്കം ഇതിനോടകം 30 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു.

മീനു എന്ന സാധാരണക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് തുടക്കത്തിന്റെ കഥ. വിസ്മയയാണ് മീനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനുവിന്റെ അച്ഛനായ രവി എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വേഷമിട്ടിരിക്കുന്നത് സായ് കുമാറാണ്. ചിത്രത്തില്‍ മീനുവിന്റെ വളര്‍ത്തുനായയും ശ്രദ്ധ നേടുന്നുണ്ട്.


മെസ്സി എന്ന് പേരിട്ടിരിക്കുന്ന വളര്‍ത്തുനായ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫുട്‌ബോള്‍ ഇതിഹാസമായ മെസ്സിയുടെ പേര് വളര്‍ത്തുനായക്ക് നല്‍കിയത് ശരിയായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സ്‌ക്രിപ്റ്റില്‍ ഹാരി എന്നാണ് താന്‍ ആ നായക്ക് നല്‍കിയ പേരെന്ന് അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു ജൂഡ്.

‘ആ പട്ടിയെ വെച്ച് ഷൂട്ട് ചെയ്യുന്നത് വലിയ പ്രയാസമായിരുന്നു. മെസ്സി എന്ന് അതിന് പേരിട്ടത് ഒരുപാട് പേര്‍ക്ക് വിഷമവും ദേഷ്യവുമായെന്ന് കേട്ടു. ഞങ്ങളല്ല ആ പേരിട്ടത്. സ്‌ക്രിപ്റ്റില്‍ ഹാരി എന്നാണ് ഞാന്‍ ഇട്ട പേര്. പക്ഷേ ഷോട്ട് എടുക്കുന്ന നേരത്ത് ‘ഹാരി’ എന്ന് വിളിച്ചാല്‍ മൈന്‍ഡ് ചെയ്യില്ല. ‘മെസ്സി’ എന്ന് വിളിച്ചാല്‍ മാത്രമേ നോക്കുള്ളൂ. ഉടമസ്ഥര്‍ ഇട്ട പേരാണ്.


സോ ആ പേര് തന്നെ പടത്തിലും ഉപയോഗിച്ചു. ഒരുപാട് പേര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. ‘ഫുട്‌ബോളിലെ ലെജന്‍ഡിന്റെ പേര് ഒരു പട്ടിക്ക് നല്‍കിയത് ശരിയായില്ല’ എന്നൊക്കെ ചിലര്‍ എനിക്ക് മെസ്സേജയച്ചിട്ടുണ്ട്. അവരോടെല്ലാം ഇക്കാര്യം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയെ വെച്ചുള്ള ഷൂട്ട് ശരിക്കും പ്രയാസമായിരുന്നു. അതിന് മൂഡുള്ളപ്പോള്‍ മാത്രമേ ഓരോന്ന് ചെയ്യുള്ളൂ. അതിനനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടി വന്നു,’ ജൂഡ് ആന്തണി പറഞ്ഞു.

ചില സീനുകളില്‍ മെസ്സിയെ വെച്ച് ഷോട്ട് എടുക്കാനാകതെ താന്‍ ദേഷ്യപ്പെട്ടെന്നും എന്നാല്‍ അത് കേട്ടിട്ടും ആ വളര്‍ത്തുനായ മിണ്ടാതെ ഇരുന്നെന്നും ജൂഡ് പറയുന്നു. വിസ്മയ ഡോഗ് ലവറായതിനാല്‍ മെസ്സിയുമായി വളരെ വേഗത്തില്‍ അടുത്തെന്നും അദ്ദേഹം പറഞ്ഞു. ചില സീനുകളില്‍ സി.ജി.ഐ ഉപയോഗിച്ചിട്ടുണ്ടെന്നും ജൂഡ് പറയുന്നു.

Content Highlight: Jude Anthany Joseph explaining about Vismaya’s dog in Thudakkam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more