| Tuesday, 18th August 2026, 5:31 pm

'ഇങ്ങനെയാണോ ലാൽ സാറിനെ പോലൊരു നടനെ വച്ച് ഇൻട്രൊഡക്ഷൻ ഷോട്ട് എടുക്കുന്നത്' എന്ന് പലരും ചോദിച്ചു: ജൂഡ് ആന്തണി ജോസഫ്

നന്ദന. ടി

സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയർ ആരംഭിച്ച ജൂഡ്, 2018 എന്ന ചിത്രത്തിലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കിയിരുന്നു.

മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ സിനിമയെന്ന നിലയിലും, ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതുകൊണ്ടും ഏറെ പ്രതീക്ഷകളോടെയാണ് ജൂഡ് ഒരുക്കിയ തുടക്കം തിയേറ്ററുകളിൽ എത്തിയത്. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെ അതിഥി വേഷത്തിൽ സിനിമയിൽ കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജൂഡ് ആന്റണി.

മോഹൻലാൽ എന്ന നടന്റെ താരമൂല്യം കാരണം ഒരു സിനിമയിലെ ഒറ്റ സീനിൽ നടൻ അഭിനയിച്ചാൽ പോലും അത് അദ്ദേഹത്തിന്റെ സിനിമയായി മാറും എന്ന് പറയുകയാണ് ജൂഡ് ആന്റണി.

ജൂഡ് ആന്തണി ജോസഫ്. Photo. Screen grab/ Youtube

‘ലാൽ സാറിന്റെ ഒരു സിനിമയിലെ സാന്നിധ്യം അദ്ദേഹത്തിന്റെ വലിയ ക്വാളിറ്റിയും എന്നാൽ ഒരു സിനിമയ്ക്ക് നൽകുന്ന ബാധ്യതയും ആണ്. കാരണം ലാൽ സാർ ഒരു സിനിമയിൽ വന്ന് ഏതെങ്കിലും ഒരു സീൻ ചെയ്ത് പോയാൽ പിന്നെ അത് അദ്ദേഹത്തിന്റെ സിനിമയായി മാറും. ഫുൾ ക്രെഡിറ്റും അദ്ദേഹത്തിലേക്ക് പോകും. അതുകൊണ്ട് തുടക്കം സിനിമയിലെ എന്റെ പ്രശ്നം എന്തായിരുന്നുവെച്ചാൽ, ഇത് വിസ്മയയുടെ ആദ്യത്തെ സിനിമയാണ്, അതിനാൽ കൂടുതൽ ഫോക്കസും മായയിലേക്ക് തന്നെ പോകണം എന്നതായിരുന്നു,’ ജൂഡ് പറഞ്ഞു.

സിനിമയിൽ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീൻ വളരെ ലളിതമായി എടുത്തതുകൊണ്ട്, അത് കണ്ടതിനുശേഷം അദ്ദേഹത്തെപ്പോലൊരു വലിയ നടനെ വച്ച് ഇങ്ങനെയാണോ ഷോട്ട് എടുക്കുന്നത് എന്ന് പലരും ചോദിച്ചതായും ജൂഡ് പറയുന്നു.

‘സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ലാൽ സാറിന്റെ ഇൻട്രൊഡക്ഷൻ ഷോട്ട് വളരെ സിമ്പിൾ ആയിട്ടുള്ള ഒന്നായിരുന്നു. അത് കണ്ടപ്പോൾ എന്നോട് പലരും ചോദിച്ചു, ഇങ്ങനെയൊക്കെയാണോ ലാൽ സാറിന്റെ ഇൻട്രൊഡക്ഷൻ ഷോട്ട് എടുക്കുന്നത് എന്ന്. ലാൽ സാറിനെ വച്ച് അധികം ഹൈപ്പ് കൊടുത്തുള്ള സീൻ എടുക്കുക എന്നതായിരുന്നില്ല എന്റെ പ്ലാൻ, ജസ്റ്റ് ലാൽ സാർ ഒരു കഥാപാത്രമായി സിനിമയിലുണ്ട്, അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിനുശേഷമുള്ള ഫൈറ്റായാലും വലിയ മാസ്സ് ഫൈറ്റ് ഒന്നുമല്ല നമ്മൾ പ്ലാൻ ചെയ്തിരുന്നത്, പകരം കുറച്ച് ഹ്യൂമർ ഒക്കെ വച്ചുള്ള ഒന്നായിരുന്നു,’ അദ്ദേഹം പറഞ്ഞു.

സിനിമയിൽ മോഹൻലാൽ കൈകാര്യം ചെയ്ത ഫൈറ്റ് സീൻ കഥയിൽ നിന്നും അല്പം വിട്ടുനിൽക്കുന്നതാണെങ്കിലും, ഒരു ആക്ഷൻ രംഗം പ്രതീക്ഷിച്ചുവരുന്ന അദ്ദേഹത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ളതായിരുന്നു ആ രംഗമെന്നും ജൂഡ് കൂട്ടിച്ചേർത്തു.

‘ലാലേട്ടന്റെ കഥാപാത്രത്തിന് ആ ഫൈറ്റ് വരുന്നത് പടം തീരാൻ ഒരു ഇരുപത് മിനുട്ട് കൂടി ബാക്കിയുള്ള സമയത്താണ്. ലാലേട്ടന്റെ കഥാപാത്രത്തിന് അദ്ദേഹം തല്ലുന്ന ആളുകളുമായി സിനിമയിൽ അത്ര ഇമോഷണൽ കണക്ഷനുകൾ ഒന്നുമില്ല. മോഹൻലാൽ എന്ന നടന്റെ ഫൈറ്റ് കാണാൻ തിയേറ്ററിൽ വരാൻ സാധ്യതയുള്ള ആളുകളെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

ആ ഒരു ഫൈറ്റ് സീൻ ശരിക്കും കഥയിൽ നിന്നും വിട്ടുനിൽക്കുന്നത് തന്നെയാണ്, പക്ഷെ പിന്നെ പടത്തിലേക്ക് വന്നപ്പോൾ അത് ബ്ലെൻഡ് ആയി.

ലാൽ സാറിനെ വച്ച് എനിക്കൊരു കാര്യം സിനിമയിൽ ചെയ്യണമായിരുന്നു, എന്നാൽ വിസ്മയ അവതരിപ്പിച്ച മീനു എന്ന കഥാപാത്രത്തിൽ നിന്നും ഫോക്കസ് മാറിപ്പോകാനും പാടില്ലായിരുന്നു. ഈ ഒരു പ്ലാനോടെ ആണ് ലാൽസാറിനെ സിനിമയില്ലേക്ക് കൊണ്ടുവന്നത്,’ ജൂഡ് ആന്റണി പറഞ്ഞു.

തുടക്കം. Photo. NDTV

Content Highlight: Jude Antany Joseph talsk about mohanlal’s cameo role in thudakkam movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more