| Wednesday, 28th October 2026, 5:40 pm

മമ്മൂട്ടിയുടെ മുഖം കണ്ടാല്‍ ആളുകള്‍ തിയേറ്ററില്‍ കയറാത്ത സമയമായിരുന്നു, ലൊക്കേഷനിലെ പുതുമയാണ് ആ സിനിമ ഹിറ്റാക്കിയത്: ജൂബിലി ജോയ്

അമര്‍നാഥ് എം.

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ നിര്‍മിക്കുകയും നിരവധി സിനിമകള്‍ വിതരണം ചെയ്തും ഒരു ബ്രാന്‍ഡായി മാറിയ പ്രൊഡക്ഷന്‍ ഹൗസാണ് ജൂബിലി. 1973ല്‍ തനിനിറം എന്ന ചിത്രം വിതരണത്തിനെടുത്തുകൊണ്ടാണ് സിനിമാലോകത്തേക്ക് ജൂബിലി കടന്നുവന്നത്. 1983ലാണ് ആദ്യമായി സിനിമാനിര്‍മാണരംഗത്തേക്ക് ജൂബിലി തങ്ങളുടെ സാന്നിധ്യമറിയിച്ചത്. വര്‍ഷങ്ങളായി ജൂബിലി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ ജോയ് തോമസാണ്.

മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ ആ രാത്രിയായിരുന്നു ജൂബിലിയുടെ ആദ്യചിത്രം. അതുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ആ രാത്രി ചരിത്രവിജയമായി മാറി. പിന്നീട് മമ്മൂട്ടിക്കൊപ്പം ഒരുപിടി ഹിറ്റുകള്‍ ജൂബിലി ജോയ് നിര്‍മിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ബെഞ്ച്മാര്‍ക്കുകളിലൊന്നായ ന്യൂഡല്‍ഹി നിര്‍മിച്ചതും ജോയ്‌യാണ്.

തുടര്‍ പരാജയങ്ങള്‍ കാരണം മമ്മൂട്ടി ഫീല്‍ഡൗട്ടിന്റെ വക്കിലെത്തി നിന്ന സമയത്തായിരുന്നു ന്യൂഡല്‍ഹി ചെയ്തതെന്ന് പറയുകയാണ് നിര്‍മാതാവ് ജോയ്. ഒരുപാട് സിനിമകള്‍ അടുപ്പിച്ച് ചെയ്യുകയും ആളുകള്‍ക്ക് മമ്മൂട്ടിയുടെ മുഖം മടുക്കുകയും ചെയ്‌തെന്നും ജോയ് പറഞ്ഞു. സിനിമ തന്നെ നിര്‍ത്തിയാലോ എന്ന് ആ സമയത്ത് മമ്മൂട്ടി ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ജോയ്.

‘മമ്മൂട്ടിയുടെ ഒരു ബാഡ് ടൈമായിരുന്നു അപ്പോള്‍. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ആ സമയത്ത് ആളുകള്‍ നിരസിക്കുകയായിരുന്നു. എല്ലാം ഒരേ ടൈപ്പ് കഥയും കഥാപാത്രങ്ങളുമായപ്പോള്‍ ആളുകള്‍ക്ക് തന്നെ മടുത്തു. വ്യത്യസ്തമായി ഒന്ന് കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷനായിരുന്നു അപ്പോള്‍. അതൊക്കെയായപ്പോള്‍ മമ്മൂട്ടി നിരാശനായി. ‘എന്റെ കാലം കഴിഞ്ഞു’ എന്നൊക്കെ അദ്ദേഹം ചിന്തിച്ചു.

പല പ്രൊഡ്യൂസേഴ്‌സും പുള്ളിയെ കാണുമ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോയി. ആരും പുള്ളിയെ അടുപ്പിക്കാത്ത അവസ്ഥയായിരുന്നു. പക്ഷേ, എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയില്ല. മമ്മൂട്ടി ഞങ്ങളുടെ ഫാമിലി ഫ്രണ്ടിനെപ്പോലെയായിരുന്നു. എനിക്ക് ഒരുപാട് ഹിറ്റുകള്‍ തന്ന മമ്മൂട്ടിയെ കൈവിടാന്‍ തോന്നിയില്ല. പുള്ളിയെ വെച്ച് ഒരു പടം ചെയ്യാമെന്ന് അങ്ങനെ തീരുമാനിച്ചു,’ ജൂബിലി ജോയ് പറഞ്ഞു.

ആ സമയത്ത് ദല്‍ഹിയില്‍ ഒരു കുടുംബസംഗമത്തിന് പോയപ്പോഴാണ് ദല്‍ഹി പ്രധാന ലൊക്കേഷനാക്കി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജോയ് പറയുന്നു. ഡെന്നിസ് ജോസഫിനോട് ഒരു കഥ തയാറാക്കാന്‍ പറഞ്ഞെന്നും ഒരു ഇംഗ്ലീഷ് നോവലിനെ ദല്‍ഹിയുടെ പൊളിറ്റിക്‌സുമായി ബന്ധപ്പെടുത്തി ഒരു കഥ തയാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അന്നത്തെ കാലത്ത് ദല്‍ഹി ബേസ് ചെയ്ത് ഒരു മലയാള സിനിമയും വന്നിട്ടില്ല. മമ്മൂട്ടിക്ക് ഒരുപാട് ഫ്‌ളോപ്പുകള്‍ വന്നതുകൊണ്ട് പുള്ളിയുടെ മുഖം കണ്ടിട്ട് ആരും കയറില്ല. ലൊക്കേഷനിലെ പുതുമ വെച്ച് മാര്‍ക്കറ്റ് ചെയ്യാമെന്നായിരുന്നു കരുതിയത്. അങ്ങനെ ചെയ്തുതീര്‍ത്ത ന്യൂഡല്‍ഹി റെക്കോഡ് ഹിറ്റായി,’ ജൂബിലി ജോയ് പറയുന്നു.

Content Highlight: Jubilee joy shares the story behind New Delhi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more