ജോഷിയുടെ സംവിധാനത്തിൽ യുവതാരനിര അണിനിരന്ന് 2011-ൽ പുറത്തിറങ്ങിയ സ്പോർട്സ് ആക്ഷൻ ചിത്രമാണ് സെവൻസ്. മലബാറിലെ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി തുടങ്ങിയവർക്കൊപ്പം അജു വർഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ഉണ്ടായ രസകരമായ ഒരനുഭവം പങ്കുവെക്കുകയാണ് താരം. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജു വർഗീസ്.photo.screen grab/youtube
‘ഒരു സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ ഡാൻസും ഫൈറ്റും വന്നാൽ എനിക്ക് ഒട്ടും ടെൻഷൻ ഉണ്ടാകാറില്ല. കാരണം ഇത് രണ്ടും എനിക്ക് ഒട്ടും അറിയില്ല. സാധാരണ ഡാൻസ് ഒക്കെ ചെയ്യാൻ പറയുകയാണെങ്കിൽ ഞാൻ ചെയ്യാൻ പറ്റില്ല എന്ന് പറയും അപ്പോൾ അവർ എനിക്ക് ചെയ്യാൻ പറ്റുന്ന സിമ്പിൾ സ്റ്റെപ്പുകൾ തരും. ഫൈറ്റ് ആണെങ്കിലോ, ഞാൻ ആദ്യമേ അടി കൊണ്ട് മരിച്ചു വീഴും. അത്തരത്തിൽ എന്നെ കുടുക്കിയ ഒരു ഫൈറ്റ് സീൻ ആയിരുന്നു സെവൻസ് സിനിമയിലേത്.
എന്റെ മൂന്നാമത്തെ സിനിമയിൽ തന്നെ ജോഷി സാറിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. കൂടാതെ ചിത്രത്തിലെ അടിപൊളി കാസ്റ്റിങ്ങും, ചാക്കോച്ചൻ, നിവിൻ, ആസിഫ്, വിനീതേട്ടൻ. വില്ലന്മാരായി ജോജുവേട്ടൻ, മിഥുൻ ചേട്ടൻ എന്നിവരൊക്കെയുണ്ട്. അപ്പോൾ ഇവരുടെയൊക്കെ കൂടെയുള്ള ഫൈറ്റ് സീനാണ്. തമിഴിലെ പ്രശസ്ത ഫൈറ്റ് മാസ്റ്ററായ രാജശേഖർ ആണ് അന്ന് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ചാപ്പാ കുരിശ് സിനിമയിൽ വിനീതും ഫഹദും തമ്മിലുള്ള പ്രശസ്തമായ ബാത്ത്റൂം ഫൈറ്റ് രംഗം ഒക്കെ ഡിസൈൻ ചെയ്തത് അദ്ദേഹമായിരുന്നു.
പുള്ളി കുറച്ച് റോ ഫൈറ്റ് ചെയ്യുന്ന ആളാണ്. അടിക്കുന്ന ശബ്ദം ചെവിയിൽ കേൾക്കണം എന്നാണ് പുള്ളി പറയുന്നത്. ഷൂട്ടിംഗിനിടയിൽ ഗുണ്ടകളൊക്കെ നിന്ന് യഥാർത്ഥ രീതിയിൽ അടിക്കുകയാണ്. ചാക്കോച്ചനും ആസിഫും ഒക്കെ മുന്നിൽ നിന്ന് ഫൈറ്റ് ചെയ്യുന്നുണ്ട്. ക്യാമറയുടെ ബാക്ക്ഡ്രോപ്പിൽ നിന്നാണ് ഞാൻ അടിക്കുന്നത്.
ഞാൻ നോക്കുമ്പോൾ എന്നെ അടിക്കാൻ നിൽക്കുന്നത് എന്നേക്കാൾ ഇരട്ടി വലിപ്പമുള്ള രണ്ട് മനുഷ്യന്മാരാണ്. ഞാൻ അപ്പോൾ തന്നെ ചോദിച്ചു, എന്നെ അടിക്കാൻ എന്തിനാണ് ഇത്രയും വലിയ രണ്ടുപേരെ നിർത്തിയിരിക്കുന്നത് എന്ന്. അങ്ങനെ ആക്ഷൻ പറഞ്ഞതും ഇവർ എന്നെ പിടിച്ച് ഇടിക്കാൻ തുടങ്ങി. അടിക്കുന്ന ശബ്ദം കേൾക്കണം എന്ന് പറഞ്ഞത് പോലെ തന്നെയായിരുന്നു അവരുടെ ഇടികൾ. ഞാൻ നോക്കുമ്പോൾ ഞാൻ ക്യാമറയിൽ ഫോക്കസ് ഔട്ട് ആയിരുന്നു . അവസാനം ഈ ഇടിയൊക്കെ സഹിക്കാൻ വയ്യാതെ ഇടി കൊള്ളുന്നതിനിടയിൽ തന്നെ ഞാൻ ഉറക്കെ ചോദിച്ചു, ആരാടാ ഇവിടെ ആക്ഷൻ വിളിച്ചതെന്ന് അതുകേട്ട് ഒടുവിൽ മാസ്റ്റർ വേണ്ട എന്ന് പറയുകയും എന്നെ ആ ഫൈറ്റിന്റെ ബാക്ക്ഡ്രോപ്പിൽ നിന്നും ഒഴിവാക്കുകയും ചെയ്തു,’ അജു വർഗീസ് പറഞ്ഞു.
സെവൻസ്.photo.Sun NXT
Content Highlight: Aju Varghese shares a funny moment from a fight scene in the movie sevens