അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെ. എസ്. കെ (ജാനകി v|s സ്റ്റേറ്റ് ഓഫ് കേരള) എന്ന ചിത്രത്തിൻ്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ ചലച്ചിത്ര സംഘടനകൾ രംഗത്ത്. സിനിമക്ക് പൂർണപിന്തുണയുമായി ഫെഫ്ക എത്തി.
തിങ്കളാഴ്ച തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന സമരം നടത്തുമെന്നും ഫെഫ്കയോടൊപ്പം നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും പങ്കെടുക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയുടെ ട്രെയ്‌ലറും ടീസറും സെൻസർ ബോർഡ് അംഗീകരിച്ചതാണെന്നും ഒരു മാസത്തോളമായി ഇവ തിയേറ്ററുകളിൽ കാണിക്കുന്നുണ്ടെന്നും അവർ പറയുന്നു. കഥാപാത്രത്തിൻ്റെ പേര് ഇതുതന്നെയാണ് കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയുടെ നിർമാതാക്കൾ ആശങ്കയിലാണെന്നും സിനിമ കണ്ടതിന് ശേഷം കമ്മിറ്റി അംഗങ്ങൾ സംവിധായകനെ കണ്ടിരുന്നുവെന്നും എല്ലാവരുടെ ആവശ്യവും ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേര് മാറ്റണമെന്നാണെന്നും അവർ പറഞ്ഞു.
സിനിമയെ വളരെ അധികം അഭിനന്ദിച്ചാണ് കമ്മിറ്റി അംഗങ്ങൾ സംസാരിച്ചതെന്നും സാമൂഹിക പ്രസക്തിയുള്ള സിനിമയാണെന്നും സംവിധാനമികവും നന്നായിട്ടുണ്ടെന്ന് പറഞ്ഞതിന് ശേഷം അവർ പറഞ്ഞത് ഈ പേര് മാറ്റണം എന്നായിരുന്നു.
ഇന്നാണ് (വെള്ളി) ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്നും ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്‍റെ പേരാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പേര് മാറ്റുമ്പോൾ ടൈറ്റിലിൽ നിന്നും പേര് മാറ്റേണ്ടി വരുമെന്നും കാരണമായി കമ്മിറ്റി പറയുന്നത് ഇതിന് മുമ്പ് രണ്ട് തവണ ഉണ്ടായിട്ടുണ്ടെന്നാണ്. ഒന്ന് മലയാളിയായ പത്മകുമാറിന്റ സിനിമയിൽ നിന്ന് ജാനകി എന്ന പേര് മാറ്റി ജയന്തി എന്നാക്കേണ്ടി വന്നിട്ടുണ്ടെന്നും മറ്റൊന്ന് വിവേക് അക്നി ഹോത്രിയുടെ സിനിമയാണെന്നും അവർ പറഞ്ഞു. രണ്ടിടത്തും അവരുടെ നിർദേശം സ്വികരിക്കപ്പെട്ടെന്നും എന്നാൽ ഇതിന് ബുദ്ധിമുട്ട് ഉണ്ടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ചിത്രത്തില്‍ 96 ഇടങ്ങളില്‍ സുരേഷ് ഗോപി മാത്രം ജാനകി എന്ന പേര് ഉപയോഗിച്ചിട്ടുണ്ടെന്നും അതൊക്കെ എങ്ങനെ മാറ്റാനാകുമെന്ന് നേരത്തേ ബി. ഉണ്ണികൃഷ്ണന്‍ ചോദിച്ചിരുന്നു.
Content Highlight: JSK:FEFKA questions the action of the Censor Board