ന്യൂദല്‍ഹി: 2013ല്‍ ഛത്തീസ്ഗഡിലെ ബസ്തറിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രിയടക്കം കൊല്ലപ്പെട്ട ജിറാം വാലി സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി ജെ.പി നദ്ദ.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്ക് ജിറാം ഘാട്ടി വാലിയിലെ മാവോയിസ്റ്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയതില്‍ പങ്കുണ്ടെന്ന് ജഞ്ച് ഗിര്‍ ചമ്പ ജില്ലയിലെ ഒരു സര്‍ക്കാര്‍ പരിപാടിക്കിടെ ആരോപിച്ചു.
2013ല്‍ മാവോയിസ്റ്റ് ആക്രമണം നടക്കുമ്പോള്‍ ഛത്തീസ്ഗഡിന്റെ ചുമതല തനിക്കായിരുന്നെന്നും അതുമായി ബന്ധപ്പെട്ട പല സംഭവങ്ങള്‍ക്കും താന്‍ സാക്ഷിയാണെന്നും നദ്ദ അവകാശപ്പെട്ടു.
2013ലെ ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ ‘പരിവര്‍ത്തന്‍ റാലി’ക്കിടെ മേയ് 25നാണ് ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ജിറാം താഴ്‌വരയില്‍ വെച്ച് മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തെ ആക്രമിച്ചത്.
ആക്രമണത്തില്‍ അന്നത്തെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് മേധാവി നന്ദ്കുമാര്‍ പട്ടേല്‍, മുന്‍പ്രതിപക്ഷ നേതാവായിരുന്ന മഹേന്ദ്ര കര്‍മ്മ, മുന്‍കേന്ദ്രമന്ത്രി വിദ്യാചരണ്‍ ശുക്ല എന്നിവരുള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ നേതാക്കളുടെ മരണത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് നദ്ദയുടെ ആരോപണം. സ്വന്തം ആളുകളെ കൊലപ്പെടുത്തിയതും നക്‌സലൈറ്റുകളുമായി ബന്ധം സ്ഥാപിച്ചിരുന്നതും കോണ്‍ഗ്രസ് നേതാക്കളാണ്.
സംരക്ഷകര്‍ തന്നെ വേട്ടക്കാരായിരുന്നപ്പോള്‍ അന്നത്തെ ഛത്തീസ്ഗഡിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും നദ്ദ ചോദിച്ചു.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരാണെന്നും മാവോയിസം പരിമിതമായ ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും ഒതുങ്ങിയെന്നും നദ്ദ അവകാശപ്പെട്ടു.
കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റുകളുമായി ചങ്ങാത്തം സ്ഥാപിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. മോദിയുടെ കീഴില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തി.
നക്‌സലിസം വൈകാതെ വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം ഛത്തീസ്ഗഡിലെ വിഷ്ണു ദിയോ സായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
Content Highlight: JP Nadda accuses Congress of involvement in 2013 Maoist attack in which Congress leaders were killed